പുഷ്പ, ആർആർആർ, വിക്രം, കെജിഎഫ്2 എന്നിവയെല്ലാം തന്നെ പണംവാരി പടങ്ങളായാണ് പോയത്. പക്ഷേ മലയാള സിനിമയിൽ അത്തരത്തിൽ വളരെ കുറച്ച് പടങ്ങൾ മാത്രമെ കളക്ട് ചെയ്യുന്നുള്ളൂവെന്നും സുരേഷ് കുമാര്‍.
താരങ്ങളുടെ പ്രതിഫലം മാത്രമല്ല തിയറ്ററുകളിലേക്ക് ജനങ്ങൾ വരാത്തതും മലയാള സിനിമയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍(G suresh kumar). ജനുവരിക്ക് ശേഷം 77ഓളം സിനിമകൾ കേരളത്തിൽ ഇറങ്ങി. അതിൽ വെറും ആറ് സിനിമയാണ് ഓടിയത്. ചില പടങ്ങൾ ഒടിടിയിൽ വന്നത് കൊണ്ട് പ്രൊഡ്യൂസർമാർ രക്ഷപ്പെട്ട് നിൽക്കുകയാണ്. അല്ലാതെ തിയറ്ററിനെ മാത്രം ആശ്രയിച്ച് നിൽക്കുന്ന പടങ്ങളെല്ലാം പ്രശ്നത്തിലാണെന്ന് സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നത് ഞങ്ങളുടെ ഒരു ആവശ്യമാണ്. അമിതമായ രീതിയിൽ പ്രതിഫലം കൂട്ടിയാൽ അതാർക്ക് താങ്ങാനാകും. ഒരുവിഭാഗം മാത്രം ജീവിച്ചാൽ പോരല്ലോ. ഇതൊരു വലിയ ഇന്റസ്ട്രിയാണ്. എല്ലാവർക്കും ജീവിക്കണം. ഒരു സിനിമ ചെയ്യുമ്പോൾ, അതിൽ മുതൽമുടക്കുന്ന 70 ശതമാനത്തോളം എല്ലാവരുടെയും പ്രതിഫലമായി പോകുന്നുണ്ടെന്നും 30 ശതമാനം വച്ച് വേണം തമിഴിനെയും തെലുങ്കിനെയുമൊക്കെ വെല്ലുന്ന സിനിമകൾ ഇവിടെ ചെയ്യാനെന്നും സുരേഷ് കുമാർ പറയുന്നു.
ജി സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ
താരങ്ങളും പ്രതിഫലം കൂട്ടിയത് ഒരുകാരണമാണ്. തിയറ്ററുകളിലേക്ക് ജനങ്ങൾ വരുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. തിയറ്ററുകളിൽ കളക്ഷനില്ല. ജനുവരിക്ക് ശേഷം 77ഓളം സിനിമകൾ കേരളത്തിൽ ഇറങ്ങി കഴിഞ്ഞു. അതിൽ വെറും ആറ് സിനിമയാണ് ഓടിയത്. ഈ 77 പടങ്ങളിൽ 36ഓളം സിനിമകൾ ഒടിടിയിൽ വന്നു. ഇതൊരു വലിയ പ്രതിസന്ധിയാണ്. ചില പടങ്ങൾ ഒടിടി വന്നത് കൊണ്ട് പ്രൊഡ്യൂസർമാർ രക്ഷപ്പെട്ട് നിൽക്കുകയാണ്. അല്ലാതെ തിയറ്ററിനെ മാത്രം ആശ്രയിച്ച് നിൽക്കുന്ന പടങ്ങളെല്ലാം പ്രശ്നത്തിലാണ്. മുപ്പതോ നാല്പതോ ദിവസം കഴിയുമ്പോൾ സിനിമ ഒടിടിയിൽ വരുമെന്ന് പറയുന്നത് കൊണ്ടാണ് ആളുകൾ തിയറ്ററിൽ വരാത്തതെന്നാണ് തിയറ്ററുകാർ പറയുന്നത്. അതേസമയം, കടുവ പോലുള്ള സിനിമകൾക്ക് ആളുകൾ തിയറ്ററിൽ എത്തുന്നുമുണ്ട്. അന്യഭാഷാ ചിത്രങ്ങളാണ് കഴിഞ്ഞ നാളുകളിൽ പണംവാരിക്കൊണ്ട് പോയത്. പുഷ്പ, ആർആർആർ, വിക്രം, കെജിഎഫ്2 എന്നിവയെല്ലാം തന്നെ പണംവാരി പടങ്ങളായാണ് പോയത്. പക്ഷേ മലയാള സിനിമയിൽ അത്തരത്തിൽ വളരെ കുറച്ച് പടങ്ങൾ മാത്രമെ കളക്ട് ചെയ്യുന്നുള്ളൂ.
മുൻപത്തെക്കാളും പടങ്ങളുടെ കോസ്റ്റ് ഇപ്പോൾ കൂടുന്നുണ്ട്. പ്രൊഡ്യൂസേഴ്സ് അക്കാര്യത്തിൽ ബോധവാന്മാർ അല്ലാതെ നിൽക്കുന്നു. മൂന്ന് നാല് പ്രൊഡക്ഷൻ മാനേജൻമാരാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. അവരുടെ കയ്യിലാണ് എല്ലാം. അവർ നിശ്ചയിക്കുന്ന അഭിനേതാക്കളും പ്രൊഡ്യൂസർമാരും പടമെടുക്കണമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പോലും അപ്രസക്തമാക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അതൊക്കെ വലിയൊരു പ്രശ്നമാണ്.
ഒടിടിയിൽ കറങ്ങി മലയാള സിനിമ: 2022 ആദ്യ പകുതിയിൽ ഹിറ്റ് സിനിമകൾ ആറെണ്ണം മാത്രം
താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നത് ഞങ്ങളുടെ ഒരു ആവശ്യമാണ്. അമിതമായ രീതിയിൽ പ്രതിഫലം കൂട്ടിയാൽ അതാർക്ക് താങ്ങാനാകും. വരുമാനത്തിന്‍റെ പ്രധാന ഭാഗം ഇവര് കൊണ്ടുപോയി കഴിഞ്ഞാൽ പിന്നെ പ്രൊഡ്യൂസർമാർക്ക് എന്ത് കിട്ടും. ഒരുവിഭാഗം മാത്രം ജീവിച്ചാൽ പോരല്ലോ. ഇതൊരു വലിയ ഇന്റസ്ട്രിയാണ്. എല്ലാവർക്കും ജീവിക്കണം. ഒരു സിനിമ ചെയ്യുമ്പോൾ, അതിൽ മുതൽ മുടക്കുന്ന 70 ശതമാനത്തോളം എല്ലാവരുടെയും പ്രതിഫലമായി പോകുന്നുണ്ട്. പ്രഗത്ഭരായ പല ടെക്നീഷ്യൻസും വാങ്ങിക്കുന്നത് ഉയർന്ന പ്രതിഫലമാണ്.
നിലവിൽ ചെറിയ ചെറിയ ടെക്നീഷ്യൻസിന്റെ പ്രതിഫലം കൂട്ടേണ്ട സമയമാണ്. 'അഭിനേതാക്കൾക്ക് നിങ്ങൾ വാരിക്കോരി കൊടുക്കുന്നു അതിന് നിങ്ങൾക്ക് ഒരുമടിയും ഇല്ല. നമ്മൾ ചോദിക്കുമ്പോഴാണ് പ്രശ്നം'എന്നാണ് അവർ പറയുന്നത്. അക്കാര്യം സത്യമല്ലേ? പ്രെട്രോളിനും മറ്റ് കാര്യങ്ങൾക്കും വിലകൂടിയില്ലേ. അവർക്കും ജീവിക്കണ്ടേ? 24 മണിക്കൂറും ഇതിനകത്ത് കിടന്ന് കഷ്ടപ്പെടുന്നവരാണ് അവരും. നിലവിൽ കെഎസ്ആർടിസി പോലെയാണ് നമ്മുടെ സിനിമാമേഖല. അതായത് വാങ്ങിക്കുന്നത് അത്രയും പെൻഷൻ കൊടുക്കാൻ മാത്രമേ പോകുന്നുള്ളൂ. വണ്ടിയോടിക്കുന്നതിനായി കാശ് കിട്ടുന്നില്ല. 30 ശതമാനം വച്ച് വേണം തമിഴിനെയും തെലുങ്കിനെയുമൊക്കെ വെല്ലുന്ന സിനിമകൾ ഇവിടെ ചെയ്യാനായിട്ട്. 70 ശതമാനം പ്രതിഫലമായി പോകുകയാണ്. കെഎസ്ആർടിസിയുടെ ഗതികേട് വരും നമ്മുടെ മലയാള സിനിമയ്ക്ക്.
എല്ലാവരും വിചാരിച്ചാൽ മാത്രമേ സിനിമ രക്ഷപ്പെടുകയുള്ളൂ. ഞാൻ വിചാരിച്ചാൽ മാത്രം ഇതൊന്നും നടക്കില്ല. ഞാനൊരു ചർച്ചക്ക് തുടക്കമിട്ടെന്ന് മാത്രം. 15ാം തീയതി ഫെഫ്കയെയും 'അമ്മ'യെയും മറ്റ് സംഘടനകളെയും ഉൾപ്പെടുത്തി മീറ്റിംഗ് വിളിച്ചിട്ടുണ്ട്. എല്ലാവരും കൂടി യോജിച്ച് ഇക്കാര്യങ്ങളിൽ ഒരു തീരുമാനം എടുക്കണം.