'പുഷ്പ എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടം ഉണ്ടാക്കിയെന്ന് കരുതുന്നില്ല': ഫഹദിന്‍റെ വാക്കുകള്‍ വീണ്ടും വൈറല്‍

By Web Team  |  First Published Dec 7, 2024, 2:48 PM IST

പുഷ്പ 2 വിലെ തന്റെ വേഷത്തെക്കുറിച്ച് ഫഹദ് ഫാസിൽ നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 


കൊച്ചി: പുഷ്പ 2 റിലീസായിരിക്കുകയാണ്. വലിയ കളക്ഷനാണ് ചിത്രം നേടുന്നത്. അതേ സമയം തന്നെ ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിലയിരുത്തലുകള്‍ക്ക് വിധേയമാകുന്നുണ്ട്. ഇത്തരത്തില്‍ ചിത്രത്തിലെ വില്ലനായ ബന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസുകാരന്‍റെ വേഷം ചെയ്ത ഫഹദിന്‍റെ വേഷവും പ്രേക്ഷകര്‍ വിലയിരുത്തുന്നുണ്ട്. 

അതേ സമയം തന്നെ പുഷ്പയിലെ തന്‍റെ വേഷം സംബന്ധിച്ച് ഫഹദ് മുന്‍പ് പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. സിനിമ നിരൂപക അനുപമ ചോപ്രയുമായി നടത്തിയ അഭിമുഖത്തിലാണ് ഫഹദ് പുഷ്പയിലെ വേഷം സംബന്ധിച്ച് പ്രതികരിച്ചത്. പുഷ്പ 2വിലെ ഫഹദിന്‍റെ പ്രകടനം സംബന്ധിച്ച് വിവിധ തരം അഭിപ്രായങ്ങള്‍ എത്തുമ്പോഴാണ് ഈ അഭിമുഖ ഭാഗം വീണ്ടും വൈറലാകുന്നത്. 

Latest Videos

'പുഷ്പ എന്ന ചിത്രം കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടം ഉണ്ടായെന്ന് കരുതുന്നില്ല. ഇത് ഞാന്‍ പുഷ്പ സംവിധായകന്‍ സുകുമാര്‍ സാറിനോട് തന്നെ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് മറച്ച് വയ്ക്കേണ്ട കാര്യമില്ല, ഇതില്‍ ഞാന്‍ സത്യസന്ധനായിരിക്കണം. ഞാന്‍ ഇവിടെ ജോലി ചെയ്യുന്നു ആരോടും അനാദരവ് ഇല്ല. പ്രേക്ഷകര്‍ പുഷ്പയില്‍ എന്നില്‍ നിന്ന് ഒരു മാജിക് പ്രതീക്ഷിക്കുന്നെങ്കില്‍ അത് വേണ്ട. ഇത് പൂര്‍ണ്ണമായും സുകുമാര്‍ സാറിനൊപ്പം ജോലി ചെയ്യുക എന്നത് മാത്രമാണ് ഉദ്ദേശം. എന്‍റെ ജോലി എന്താണ് എന്നതില്‍ എനിക്ക് വ്യക്തതയുണ്ട്" ഫഹദ് പറഞ്ഞു. 

അതേ സമയം പുഷ്പ 2 റിലീസായി രണ്ടാം ദിനത്തില്‍ ആദ്യദിനത്തെ കളക്ഷനില്‍ നിന്നും 40 ശതമാനത്തിലേറെ ഇടിവ് സംഭവിച്ചെങ്കിലും വിസ്മയിപ്പിക്കുന്ന നമ്പര്‍ തന്നെയാണ് വര്‍ക്കിംഗ് ഡേയില്‍ ഉണ്ടാക്കിയത്.

90.10 കോടി രൂപയാണ് രണ്ടാം ദിനം പുഷ്പ 2 ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. ഇതോടെ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ കളക്ഷന്‍ ഇന്ത്യയിൽ 265 കോടി രൂപയിലെത്തിയെന്ന് ട്രാക്കറായ സാക്നിൽക് പറയുന്നത്. അതേ സമയം 294 കോടിയാണ് ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയതെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിരിക്കുന്നു. അതായത് ചിത്രം രണ്ടാം ദിനത്തില്‍ തന്നെ 400 കോടി കളക്ഷന്‍ പിന്നിടും എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തിയപ്പോള്‍ തീയറ്റര്‍ അടക്കിവാഴുന്ന ഓപ്പണിംഗാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുന്‍ ഫഹദ് എന്നിവര്‍ക്ക് പുറമെ രശ്മിക മന്ദാന, സുനിൽ, അനസൂയ, ജഗപതി ബാബു, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം.

കളക്ഷന്‍ 45 ശതമാനം ഇടിഞ്ഞു; പക്ഷെ റെക്കോ‍ഡുകള്‍ തകര്‍ക്കുന്നു; അത്ഭുതമായി പുഷ്പ 2 കളക്ഷന്‍ !

'സംഭവം സെറ്റാണ്': പുഷ്പ 2 കാണാന്‍ രശ്മികയ്ക്കൊപ്പം വന്നവരെ കണ്ട് ആരാധകര്‍ അത് അങ്ങ് ഉറപ്പിച്ചു !
 

click me!