ചിമ്പു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ കുമാർ എന്ന ചിത്രത്തിൽ ഫഹദ് അഭിനയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.
കമല്‍ഹാസൻ നായകനാകുന്ന 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ വീണ്ടും തമിഴിൽ തിളങ്ങാൻ ഫഹദ് ഫാസിൽ(Fahadh Faasil). മാരി സെൽവരാജ്(Mari Selvaraj) സംവിധാനം ചെയ്യുന്ന മാമന്നൻ(Maamannan) എന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ പ്രതിനായക വേഷത്തിലാകും ഫഹദ് എത്തുകയെന്നാണ് വിവരം.
ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. എ.ആർ. റഹ്മാൻ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ.
നിലവിൽ വിക്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഫഹദിന് പുറമേ 'വിക്രം' ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് നരേൻ, കാളിദാസ് ജയറാം തുടങ്ങിയവരും കമല്‍ഹാസനൊപ്പം അഭിനയിക്കുന്നുണ്ട്. 110 ദിവസങ്ങളാണ് 'വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു.അനിരുദ്ധ് ആണ് കമല്‍ഹാസൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അതേസമയം, ചിമ്പു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ കുമാർ എന്ന ചിത്രത്തിൽ ഫഹദ് അഭിനയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'വേലൈക്കാരനാ'ണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം. അതേസമയം, പുഷ്പയാണ് ഫഹദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അല്ലു അര്‍ജുന്റെ പ്രതിനായക വേഷത്തിലാണ് ഫഹദ് ചിത്രത്തിൽ എത്തിയത്.
Read Also: Vikram : കമല്‍ഹാസൻ- ഫഹദ് ചിത്രം 'വിക്രം', റിലീസ് അപ്‍ഡേറ്റ്
കഴിഞ്ഞ വർഷം ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയറ്ററിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ഈ മാസം ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്. നിലവിൽ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ വര്‍ഷം ഡിസംബറില്‍ ചിത്രമെത്തുമെന്നാണ് വിവരം.
മാലിക് എന്ന ചിത്രമാണ് മലയാളത്തില്‍ ഫഹദിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 'ടേക്ക് ഓഫ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തിൽ തന്നെ ശ്രദ്ധേയമായത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിച്ച ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിച്ചിരുന്നു.