അനിമല്‍ അടക്കമുള്ള വിജയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് തൃപ്‍തി ദിംറി
ഫഹദ് ഫാസിലിന്‍റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ഏതാനും മാസങ്ങളായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. പ്രമുഖ സംവിധായകന്‍ ഇംതിയാസ് അലിയുടെ ചിത്രത്തിലൂടെയാണ് ഫഹദ് എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഈ പ്രോജക്റ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുകയാണ്. ചിത്രത്തില്‍ ഫഹദിന്‍റെ നായികയെക്കുറിച്ചും സിനിമ എന്ന് ചിത്രീകരണം ആരംഭിക്കും എന്നത് സംബന്ധിച്ചുമാണ് അത്.
അനിമല്‍ അടക്കമുള്ള വിജയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ തൃപ്തി ദിംറിയായിരിക്കും ചിത്രത്തില്‍ ഫഹദിന്‍റെ നായികയെന്ന് പീപ്പിംഗ് മൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം 2025 ആദ്യം ആരംഭിക്കുമെന്നും. ദില്‍ജിത്ത് ദൊസാഞ്ജും പരിണീതി ചോപ്രയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നെറ്റ്ഫ്ലിക്സ് ചിത്രം അമര്‍ സിംഗ് ചംകീലയ്ക്ക് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഫഹദ് നായകനാവുന്ന ചിത്രം. പ്രണയ കഥകളിലൂടെ പ്രേക്ഷകപ്രീതി നേടിയ ഇംതിയാസ് അലിയുടെ വേറിട്ട ഒരു പ്രണയകഥ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരക്കഥയുടെ അവസാനവട്ട മിനുക്ക് പണികളിലാണ് ഇംതിയാസ് അലി ഇപ്പോഴെന്ന് പീപ്പിംഗ് മൂണിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ വിന്‍ഡോ സീറ്റ് ഫിലിംസിന്‍റെ ബാനറില്‍ ഇംതിയാസ് അലി തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുക. കഴിഞ്ഞ ഏതാനും മാസങ്ങളായി ഫഹദും ഇംതിയാസും ഈ പ്രോജക്റ്റ് സംബന്ധിച്ച ചര്‍ച്ചകളിലായിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഫഹദിന്‍റെ നായികയായി തൃപ്തി കൂടി എത്തുന്നതോടെ ഏറെ പ്രേക്ഷകശ്രദ്ധ നേടുന്ന ചിത്രമായി ഇത് മാറും. തൃപ്തി ദിംറിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൈല മജ്നുവിന്‍റെ (2018) സഹരചന ഇംതിയാസ് അലി ആയിരുന്നു. ഒപ്പം ചിത്രം അഴതരിപ്പിച്ചതും അദ്ദേഹമായിരുന്നു. ഇംതിയാസിന്‍റെ സഹോദരന്‍ സാജിദ് അലി ആയിരുന്നു ഈ ചിത്രത്തിന്‍റെ സംവിധാനം. അതേസമയം ഇംതിയാസ്- ഫഹദ് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും സംഭവിച്ചിട്ടില്ല.