യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം

By Web Team  |  First Published Jan 8, 2024, 12:59 PM IST

യാഷിന്റെ ജന്മദിനത്തിൽ ബാനറുകൾ സ്ഥാപിക്കുന്നതിനിടെയാണ് മൂന്നുപേര്‍ക്ക് വൈദ്യുതാഘാതമേറ്റത്. 


ബെംഗളൂരു: കെജിഎഫ് അടക്കം ചിത്രങ്ങളിലൂടെ പ്രശസ്തനായ കന്നട റോക്കിംഗ് സ്റ്റാര്‍ യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്.

യാഷിന്റെ ജന്മദിനത്തിൽ ബാനറുകൾ സ്ഥാപിക്കുന്നതിനിടെയാണ് മൂന്നുപേര്‍ക്ക് വൈദ്യുതാഘാതമേറ്റത്. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. സംഭവത്തിൽ രണ്ട് പേർ കൂടി പരിക്കേറ്റ് ലക്ഷ്മേശ്വർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Latest Videos

ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ (19) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വര് താലൂക്കിലെ സുരനാഗി ഗ്രാമവാസികളാണ്. ഇവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 

ഞായറാഴ്ച രാത്രി യാഷിന്റെ നിരവധി ആരാധകർ ഗ്രാമത്തിൽ ഒത്തുകൂടി ജനുവരി 8 ന് നടന്‍റെ 38-ാം ജന്മദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി യഷിന്റെ ബാനറുകളും കട്ടൗട്ടുകളും സ്ഥാപിക്കുമ്പോഴാണ് ദുരന്തം സംഭവിച്ചത്. ചരടില്‍ കെട്ടിയ ബാനര്‍ ഹൈ-ടെൻഷൻ വയർ പോകുന്നത് ശ്രദ്ധിക്കാതെ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. ബാനർ വൈദ്യുത കമ്പിയിൽ സ്‌പർശിച്ചതോടെ മൂന്ന് ആരാധകര്‍ക്ക്  വൈദ്യുതാഘാതമേറ്റു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ട് പേർക്കും പരിക്കേറ്റു. 

അഞ്ചുപേരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഷിരഹട്ടി എം.എൽ.എ ഡോ.ചന്ദ്രു ലമാനി ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ആരോഗ്യവിവരങ്ങൾ അന്വഷിച്ചു. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കും എന്ന് എംഎല്‍എ അറിയിച്ചു. 

അതേ സമയം യാഷ് തന്റെ ജന്മദിനം ഇത്തവണ ആഘോഷിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. നടന്‍ ആരാധകരെയും കാണില്ലെന്ന് അറിയിച്ചിരുന്നു. ടോക്സിക് ആണ് യാഷിന്‍റെ അടുത്ത ചിത്രം. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍  ഡിസംബർ 8 നാണ് വെളിപ്പെടുത്തിയത്. 2025 ഏപ്രിലിൽ റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ പദ്ധതി. 

81 മത് ഗോള്‍ഡന്‍ ഗ്ലോബ്: സംവിധായകന്‍, മികച്ച ചിത്രം മികച്ച നടന്‍; അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപ്പൺഹൈമർ

കൊല്ലത്ത് കലോത്സവ വേദിയില്‍ എത്തുന്ന മമ്മൂട്ടിക്ക് സമ്മാനിക്കുക 'സര്‍പ്രൈസ് പ്രതിമ'.!
 

tags
click me!