'2024 ലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്ന്'; 'വൃഷഭ'യെക്കുറിച്ച് നിര്‍മ്മാതാവ്

By Web Team  |  First Published Jul 3, 2023, 4:04 PM IST

ഈ മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും


മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുമായി ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂര്‍ കൈകോര്‍ക്കുന്നതായി ഏതാനും ദിവസം മുന്‍പാണ് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്. ഏക്ത കപൂറുമായുള്ള ചര്‍ച്ചകള്‍ക്കായി യാഷ് രാജ് ഫിലിംസിന്‍റെ മുംബൈ ഓഫീസിലേക്ക് മോഹന്‍ലാല്‍ എത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ബാനര്‍ ആയ ബാലാജി ടെലിഫിലിംസ് ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളിയാവുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഏക്ത കപൂര്‍. അടുത്ത വര്‍ഷത്തെ വലിയ ചിത്രങ്ങളിലൊന്നായിരിക്കും വൃഷഭയെന്ന് പറയുന്നു അവര്‍. മോഹന്‍ലാലിനും അച്ഛന്‍ ജീതേന്ദ്രയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് ഏക്ത ഇത് അറിയിച്ചിരിക്കുന്നത്.

"ഈ അഭിനയ പ്രതിഭയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിന്‍റെ ആവേശത്തിലാണ് ഞാന്‍. കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോസ് എന്നീ നിര്‍മ്മാണ കമ്പനികള്‍ക്കൊപ്പം വൃഷഭയ്ക്കുവേണ്ടി ബാലാജി ടെലിഫിലിംസും കൈകോര്‍ക്കുകയാണ്. മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ നായകനാവുന്ന ഒരു പാന്‍ ഇന്ത്യന്‍ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രം. തലമുറകളിലൂടെ സഞ്ചരിക്കുന്ന, വൈകാരികതയിലും ഒപ്പം വിഎഫ്എക്സിലും മുന്നില്‍ നില്‍ക്കുന്ന ഒരു എപിക് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ആയിരിക്കും ചിത്രം. 2024 ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നെന്ന് കരുതപ്പെടുന്ന വൃഷഭ സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്. ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമ മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ ഒരേസമയം എത്തും", ഏക്ത കപൂര്‍ പറയുന്നു.

Latest Videos

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റ് ആണ് ഇത്. 200 കോടിയാണ് ചിത്രത്തിന്‍റെ മുടക്കുമുതലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. ബാഹുബലിയുടെ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിന് കരണ്‍ ജോഹറിന്‍റെ സാന്നിധ്യം എത്രത്തോളം സഹായകരമായോ അതേപോലെയാവും വൃഷഭ ടീമിലെ ഏക്ത കപൂറിന്‍റെ സാന്നിധ്യമെന്നാണ് വിലയിരുത്തല്‍. ബോളിവുഡ് ചിത്രങ്ങളായ ഡ്രീം ഗേള്‍ 2, ദി ക്രൂ എന്നിവയാണ് ഏക്ത കപൂറിന്‍റെ നിര്‍മ്മാണത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.

ALSO READ : 50 ലക്ഷം മാത്രമല്ല, ഒരു സര്‍പ്രൈസ് സമ്മാനവും; വിജയത്തിളക്കത്തില്‍ അഖില്‍ മാരാര്‍

WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ

click me!