'നീ കാണണ്ട, എന്റെ പഴയ രൂപം മതി നിന്റെ മനസിൽ'; ഇന്നസെന്റിന്റെ ഓർമയിൽ ഇടവേള ബാബു

By Web Team  |  First Published Apr 5, 2023, 5:28 PM IST

ഒടുക്കം വരെയും അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് ഇടവേള ബാബു പറയുന്നു.


നശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകര്‍ന്ന വിഖ്യാതനടന്‍ ആയിരുന്നു ഇന്നസെന്റ്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇതുവരെയും അദ്ദേഹത്തിന്റെ വിയോ​ഗം താങ്ങാനായിട്ടില്ല. പലരും അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്നസെന്റിന്റെ സുഹൃത്തും സന്തതസഹചാരിയും ആയിരുന്ന ഇടവേള ബാബു അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഒടുക്കം വരെയും അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് ഇടവേള ബാബു പറയുന്നു. ഇന്നസെന്റിനെ അവസാനമായി കാണാൻ വരാത്തവരോട് ഒന്നും പറയാനില്ലെന്നും വരാതിരുന്നത് ശരിയാണോ എന്ന് സ്വയം ആലോചിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബാബുവിന്റെ പ്രതികരണം. 

Latest Videos

"ഇപ്പോഴും നിര്‍ജീവമായ അവസ്ഥയിലാണ് ഞാന്‍. മരിച്ചു കിടക്കുമ്പോള്‍ കുറച്ച് നിമിഷം മാത്രമേ ഞാന്‍ ആ മുഖത്ത് നോക്കിയുള്ളൂ. അവസാന നിമിഷം അദ്ദേഹത്തിന്‍റെ ഛായ പോലും ഉണ്ടായിരുന്നില്ല. കണ്ണട വച്ചപ്പോഴാണ് ആ പഴയ ഇന്നസെന്‍റ് ചേട്ടനിലേക്കുള്ള ഛായയിൽ എത്തിയത്. ഇന്നസെന്‍റ് ചേട്ടന്‍ നമ്മളില്‍ നിന്നും  അകന്നു പോകുകയാണെന്ന സത്യം ഒരുപക്ഷേ ആദ്യം  തിരിച്ചറിഞ്ഞത് ഞാനായിരിക്കും. കഴിഞ്ഞ ആറ് മാസത്തോളമായി നാല് ദിവസം ആശുപത്രിയില്‍ മൂന്ന് ദിവസം വീട്ടില്‍ എന്നതായിരുന്നു ഇന്നസെന്‍റ് ചേട്ടന്‍റെ ജീവിതം. ഇതിന്‍റെ ഇടയ്ക്ക് മൂന്നാഴ്ച മുമ്പ് ഇന്നസെന്റ് ചേട്ടന്‍ എന്നെ വിളിച്ചു. 'ഞാനൊരു രോഗിയായി' എന്ന് ഇന്നസെന്‍റ് ചേട്ടന്‍ ആദ്യമായി എന്നോട് പറയുന്നത് അപ്പോഴാണ്. അന്ന് അദ്ദേഹം കുറേ കാര്യങ്ങള്‍ എന്നോട് പറഞ്ഞു. മരണത്തിലേക്ക് അദ്ദേഹം പോകുന്നുവെന്ന് അപ്പോള്‍ തോന്നി. ഞാന്‍ തന്നെ അദ്ദേഹത്തെ നേരില്‍ കണ്ടിട്ട് മൂന്ന് നാല് മാസമായിരുന്നു. നീ കണ്ട എന്റെ പഴയരൂപം മതി നിന്റെ മനസ്സിൽ എന്നാണ് അന്ന് പറഞ്ഞത്. അതുകൊണ്ട് തന്നെ അത്രയും ട്യൂബ് ഇട്ടിട്ടും ഞാന്‍ കണ്ടില്ല. ട്യൂബ് എടുത്തതിന് ശേഷമാണ് അദ്ദേഹത്തെ കണ്ടത്. ഇന്നസെന്‍റിനെ അവസാനമായി എല്ലാവർക്കും വന്നു കാണാന്‍ പറ്റി. വരാത്തവരോട് ഒന്നും പറയാനില്ല. അമ്മ സംഘനടയില്‍ പതിനെട്ട് വര്‍ഷം പ്രവര്‍ത്തിച്ച ആളാണ്. അമ്മയിലെ ഓരോ കലാകാരന്മാകർക്കും വേണ്ടി ഓടി നടന്ന ആളാണ്. പൈസ വാങ്ങിച്ചല്ല ആരും അമ്മയില്‍ പ്രവര്‍ത്തിക്കുന്നത്. വരാതിരുന്നത് ശരിയാണോ എന്ന് സ്വയം ആലോചിക്കുക. തിരക്കുകള്‍ നമുക്കൊക്കെ ഉണ്ടാകും പക്ഷേ അതിനെ തരണം ചെയ്യാവുന്ന എത്രയോ മാര്‍ഗങ്ങള്‍ ഉണ്ടാകും. മോഹന്‍ലാല്‍ തന്നെ ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്താണ് വന്നത്. മമ്മൂക്ക തന്നെ എത്രയോ തവണ ആശുപത്രിയില്‍ വന്നു. രോഗാവസ്ഥയിലുള്ള സലിംകുമാർ ‍വരെ വന്നു.", എന്ന് ഇടവേള ബാബു പറയുന്നു. 

'മിന്നൽ മുരളി 2' നൂറ് ശതമാനം വലിയ സിനിമ; വില്ലനെ കുറിച്ച് പറഞ്ഞ് ബേസിൽ

click me!