Dune on Prime : മലയാളമുള്‍പ്പെടെ ആറ് ഭാഷകളില്‍; 'ഡ്യൂണ്‍' റിലീസ് തീയതി പ്രഖ്യാപിച്ച് പ്രൈം വീഡിയോ

By Web Team  |  First Published Mar 9, 2022, 7:03 PM IST

ഒക്ടോബര്‍ 22ന് തിയറ്ററുകളില്‍ എത്തിയ ചിത്രം. Dune on Prime Video


ഡെനിസ് വില്‍നാവിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ എപ്പിക് സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നു ഡ്യൂണ്‍ (Dune). കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ഇന്ത്യയില്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ (Amazon Prime Video) എത്തുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി മാര്‍ച്ച് 25 ആണ്. ഇംഗ്ലീഷിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാ പതിപ്പുകള്‍ പ്രൈം വീഡിയോയില്‍ കാണാനാവും.

ടിമോത്തെ ഷലമെയ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര് പോള്‍ അട്രെയ്‍ഡിസ് എന്നാണ്. തന്‍റെ ജനത്തെ രക്ഷിക്കാനായി മറ്റൊരു ഗ്രഹത്തിലേക്ക് പോകുന്ന പോളിനെ പുറത്തെത്തിയ ട്രെയ്‍ലറില്‍ കാണാം. ഒരു ഡെനിസ് വില്‍നാവ് ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന മാനങ്ങളൊക്കെ ഉള്ളതാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്‍ലര്‍. ഡെനിസ് വില്‍നാവിനൊപ്പം ജോണ്‍ സ്പൈറ്റ്സ്, എറിക് റോത്ത് എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ലെജന്‍ഡറി പിക്ചേഴ്സിന്‍റെ ബാനറില്‍ മേരി പേരന്‍റ്, ഡെനിസ് വില്‍നാവ്, കെയില്‍ ബോയ്ട്ടര്‍, ജോ കരാഷ്യോലോ ജൂനിയര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രേസര്‍, എഡിറ്റിംഗ് ജോ വാക്കര്‍, സംഗീതം ഹാന്‍സ് സിമ്മര്‍. വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സ് ആണ് വിതരണം.

Latest Videos

undefined

റെബേക്ക ഫെര്‍ഗൂസന്‍, ഓസ്‍കര്‍ ഐസക്, ജോഷ് ബ്രോലിന്‍, ഡേവ് ബൗട്ടിസ്റ്റ, സെന്‍ഡയ, ചാംഗ് ചെംഗ്, സ്റ്റെല്ലാന്‍ സ്കാര്‍സ്ഗാഡ്, സ്റ്റീഫന്‍ മകിന്‍ലി, ഹെന്‍ഡേഴ്സണ്‍, ഷാരോണ്‍ ഡങ്കന്‍ ബ്രൂസ്റ്റര്‍, ഷാര്‍ലറ്റ് റാംപ്ലിംഗ്, ജേസണ്‍ മൊമൊയ, സേവ്യര്‍ ബാര്‍ദെം തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്‍റെ ഇതേ പേരിലുള്ള നോവലിനെ (1965) ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. സെപ്റ്റംബറില്‍ വെനീസ് ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം. യുഎസില്‍ തിയറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസത്തിനുശേഷം ഒടിടി പ്ലാറ്റ്ഫോം ആയ എച്ച്ബിഒ മാക്സിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. 165 മില്യണ്‍ ഡോളര്‍ ബജറ്റില്‍ എത്തിയ ചിത്രം 400 മില്യണിലേറെ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍.

click me!