ആഗോള കളക്ഷന്‍ 30 കോടി, 'സീതാ രാമ'ത്തിലൂടെ തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ച് ദുല്‍ഖര്‍

By Web Team  |  First Published Aug 7, 2022, 9:47 PM IST

കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം എത്തിനില്‍ക്കുമ്പോള്‍ അത് അഞ്ഞൂറിലധികം ആയി.


'സീതാ രാമ'ത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ ചരിത്രം കുറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍‍. 'സീതാ രാമ'ത്തിന്റെ ആഗോള ബോക്‌സ് ഓഫിസ് കളക്ഷന്‍ ഇതുവരെ മുപ്പത് കോടിയാണ്. തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം ചലനം സൃഷ്‍ടിക്കുന്നത് ഇത് ആദ്യമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാള്‍ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷന്‍. 'സീതാ രാമ'ത്തിലൂടെ തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍‍.

ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ 'സീതാ രാമം' റിലീസ് ചെയ്തത്. കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം എത്തിനില്‍ക്കുമ്പോള്‍ അത് അഞ്ഞൂറിലധികം ആയി. തമിഴ്‌നാട്ടില്‍ 200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 'സീതാ രാമ'ത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി കഴിഞ്ഞു. യു.എസ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം 'സീതാ രാമം' കരസ്ഥമാക്കിയത്.

Latest Videos

 

ദുൽഖർ, മൃണാൾ താക്കൂർ, രശ്‍മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ലഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുൽഖർ  എത്തുന്ന ചിത്രം കശ്‍മിർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്‍ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് 'റാം' എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു.

നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്‍ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്‍ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.

Read More : യുഎസിൽ ആദ്യദിന കളക്ഷനിൽ റെക്കോർഡ് കുറിച്ച് ദുൽഖര്‍, 'സീതാ രാമം' ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

click me!