സിനിമയ്ക്കു മുന്‍പേ അഭിനയിച്ചത് പരസ്യചിത്രത്തില്‍; ദുല്‍ഖറിന് ലഭിച്ച ആദ്യ പ്രതിഫലം

By Web Team  |  First Published Sep 29, 2022, 8:43 PM IST

ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രം ഹിന്ദിയിലാണ്


സിനിമയിലെത്തി പത്ത് വര്‍ഷം കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ ഏതൊരു യുവനടനെയും മോഹിപ്പിക്കുന്നതാണ്. താരപുത്രന്‍ എന്ന ലേബലിനു പുറത്ത് അദ്ദേഹം വ്യക്തിപരമായി നടത്തിയ അധ്വാനത്തിന്‍റെയും പരിശ്രമത്തിന്‍റെയും ഫലമാണ് അത്. കരിയറിന്‍റെ ഏറ്റവും മികച്ച ചില തുടക്കങ്ങളിലാണ് അദ്ദേഹം ഇപ്പോള്‍. ഈ വര്‍ഷം പുറത്തിറങ്ങിയ ദുല്‍ഖറിന്‍റെ നാല് ചിത്രങ്ങള്‍ മാല് ഭാഷകളില്‍ ആയിരുന്നു. തെലുങ്ക് ചിത്രം സീതാ രാമം വന്‍ വിജയമായപ്പോള്‍ ബോളിവുഡില്‍ നായകനായ ചിത്രം ചുപ്പ് മികച്ച അഭിപ്രായവുമായി തിയറ്ററുകളില്‍ തുടരുന്നു. വിവിധ ഭാഷകളില്‍ ചിത്രങ്ങള്‍ വിജയിപ്പിക്കുന്ന തെന്നിന്ത്യന്‍ താരം എന്ന നിലയില്‍ ദുല്‍ഖറിന്‍റെ പ്രതിഫലവും വര്‍ധിക്കുന്നുണ്ട്. ഇന്‍ഡസ്ട്രിയുടെ വലുപ്പം അനുസരിച്ച് ദുല്‍ഖര്‍ ഒരു ചിത്രത്തിന് നിലവില്‍ വാങ്ങുന്നത് 3 കോടി മുതല്‍ 8 കോടി രൂപ വരെയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്യാമറയ്ക്കു മുന്നില്‍ ആദ്യം അഭിനയിച്ചതിന് തനിക്കു ലഭിച്ച പ്രതിഫലം എത്രയെന്ന് ദുല്‍ഖര്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു.

കേര്‍ളി ടെയില്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഈ അനുഭവം പറഞ്ഞത്. സിനിമയിലൊക്കെ എത്തുന്നതിന് വളരെ മുന്‍പ് ഒരു പരസ്യ ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചത്. പത്താം വയസ്സിലായിരുന്നു അത്. ചലച്ചിത്ര സംവിധായകന്‍ കൂടിയായ രാജീവ് മേനോന്‍ ഒരുക്കിയ പരസ്യചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചത്. മമ്മൂട്ടിയുടെ മകന്‍ എന്ന നിലയ്ക്കല്ല ആ അവസരം വന്നതെന്നും മറിച്ച് യാദൃശ്ചികമായി തേടിയെത്തിയതാണെന്നും ദുല്‍ഖര്‍ പറയുന്നു. രാജീവ് മേനോന്‍റെ പരസ്യ ഏജന്‍സിയുടെ അണിയറക്കാര്‍ ഒരു ദിവസം എന്‍റെ സ്കൂളിലെത്തി പുതിയ പരസ്യ ചിത്രത്തിലേക്ക് കുട്ടികളെ നോക്കി. അവരുടെ തെരഞ്ഞെടുപ്പില്‍ ഞാന്‍ ഇടം പിടിക്കുകയായിരുന്നു. 2000 രൂപയാണ് അന്ന് എനിക്ക് ലഭിച്ചത്, ദുല്‍ഖര്‍ പറയുന്നു.

Latest Videos

ALSO READ : ബോളിവുഡ് താരം ദിനോ മോറിയ ദിലീപിനൊപ്പം; അരുണ്‍ ഗോപി ചിത്രത്തില്‍ വന്‍ താരനിര

 

സീതാ രാമത്തിന്‍റെ വിജയത്തിനു പിന്നാലെയെത്തിയ ഹിന്ദി ചിത്രം ചുപ്പ് മികച്ച അഭിപ്രായം നേടുന്നത് ഒരു പാന്‍ ഇന്ത്യന്‍ നടന്‍ എന്ന നിലയിലേക്കുള്ള ദുല്‍ഖറിന്‍റെ വളര്‍ച്ചയില്‍ ഏറെ നിര്‍ണായകമാണ്. പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ ബല്‍കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

click me!