'എന്തിനാണ് ഇന്ദ്രൻസേട്ടൻ ഇത്ര മിനക്കെട്ടു വന്നത് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രം'

By Web Team  |  First Published Nov 21, 2023, 10:02 AM IST

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കാനായി അതിരാവിലെ അപ്രതീക്ഷിതമായി ഒരാൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു എന്നാണ് . ബിജു പറയുന്നത്. 


തിരുവനന്തപുരം: അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിന്‍റെ താലിൻ ചലച്ചിത്ര മേളയിലെ അന്താരാഷ്ട്ര പ്രദർശനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നടൻ ഇന്ദ്രൻസ് സ്വീകരിക്കാനെത്തിയതിനെക്കുറിച്ച് ചിത്രത്തിന്‍റെ സംവിധായകൻ ഡോ. ബിജുവിന്‍റെ കുറിപ്പ്. 

ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ ഡോ.ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങൾ  എന്ന ചിത്രം താലിൻ ചലച്ചിത്ര മേളയിൽ മികച്ച പ്രേക്ഷക പ്രശംസകളാണ് ഏറ്റുവാങ്ങിയിരുന്നു.പിന്നാലെ നാട്ടില്‍ തിരികെ എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കാനായി അതിരാവിലെ അപ്രതീക്ഷിതമായി ഒരാൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു എന്നാണ് . ബിജു പറയുന്നത്. 

Latest Videos

ഡോ.ബിജുവിന്‍റെ കുറിപ്പ് ഇങ്ങനെ -

താലിൻ ചലച്ചിത്ര മേളയിൽ നിന്നും തിരികെ എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കാനായി അതിരാവിലെ അപ്രതീക്ഷിതമായി ഒരാൾ കാത്തു നിൽക്കുന്നു.രാവിലെ 4.20 നു ഫ്‌ളൈറ്റ്  ലാൻഡ് ചെയ്തപ്പോൾ തന്നെ ഫോൺ ശബ്ദിക്കുന്നു. ഡോക്ടറെ ഞാൻ ഇവിടെ പുറത്തു കാത്തു നിൽക്കുന്നുണ്ട് . പ്രിയപ്പെട്ട ഇന്ദ്രൻസ് ചേട്ടൻ. അതിരാവിലെ എന്തിനാണ്‌ ഇന്ദ്രൻസേട്ടൻ ഇത്ര മിനക്കെട്ടു വന്നത് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രം ആദ്യ മറുപടി. 

ഇത്രയും വലിയ ഒരു മേളയിൽ നമ്മുടെ സിനിമ പ്രദർശിപ്പിച്ചിട്ടു വരുമ്പോൾ സ്വീകരിക്കാൻ ആരെങ്കിലും വരണ്ടേ , ഞാൻ എന്തായാലും വീട്ടിൽ ഉണ്ടായിരുന്നു അതുകൊണ്ട് ഡോക്ടർ ഇറങ്ങുമ്പോൾ ഒന്ന് വന്നു കണ്ടിട്ട് പോകാം എന്ന് കരുതി .സംവിധായകൻ വി സി അഭിലാഷ് ആണ് ഞാൻ വരുന്ന ഫ്‌ളൈറ്റും സമയവും ഒക്കെ ഇന്ദ്രേട്ടനെ അറിയിച്ചത് . അഭിലാഷ് ആശുപത്രിയിൽ ആയതിനാൽ എയർ പോർട്ടിലേക്ക് വരാൻ പറ്റിയില്ല. 

ഏതായാലും വലിയ സന്തോഷം ലോകത്തെ ഏറ്റവും പ്രശസ്തമായ , FIAPF അക്രിഡിറ്റേഷനിലെ ആദ്യ പതിനഞ്ചു എ കാറ്റഗറി മേളകളിൽ  ഒന്നായ താലിനിൽ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയും ഈ വർഷത്തെ ഒരേ ഒരു ഇന്ത്യൻ സിനിമയുമായ അദൃശ്യ ജാലകങ്ങളുടെ പ്രദർശന ശേഷം തിരികെ നാട്ടിൽ എത്തിയപ്പോൾ വെളുപ്പാൻ കാലത്തു സ്വീകരിക്കാൻ കാത്തു നിന്നത് മലയാളത്തിന്റെ ഏറ്റവും വലിയ ഒരു നടൻ .
എയർപോർട്ടിൽ നിന്നും  പുറത്തിറങ്ങി ഒരു തട്ടുകടയിൽ നിന്നും ചായയും കുടിച്ചു ഞങ്ങൾ യാത്രയായി.
പ്രിയ ഇന്ദ്രൻസേട്ടാ ഇഷ്ടം , സ്നേഹം .ഒപ്പം വി സി അഭിലാഷിനോടും കാണാൻ സാധിച്ചില്ലെങ്കിലും മനസ്സു കൊണ്ടൊരു കെട്ടിപ്പിടുത്തം .

താലിൻ ഫിലിം ഫെസ്റ്റിവലിന്റെ  ഔദ്യോഗിക മത്സര വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയ ആദ്യ മലയാള ചിത്രമായി ‘അദൃശ്യ ജലകങ്ങള്‍’ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഡോ. ബിജുവിന്റെ പതിനാലാമത് ഫീച്ചർ ഫിലിം കൂടിയാണ് അദൃശ്യജാലകങ്ങൾ.

click me!