നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് പുതിയ കുരുക്ക്. അനുമതിയില്ലാതെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടികാട്ടി അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു.
ചെന്നൈ: നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് പുതിയ കുരുക്ക്. അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു. നയൻതാരയുടെ ഡോക്യുമെന്‍റററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നാണ് പരാതി. ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് ആണ് നോട്ടീസ് അയച്ചത്. നേരത്തെ നാനും റൗഡി താൻ ചിത്രത്തിന്‍റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനത്തിന് ധനുഷിന്‍റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
2005ൽ റിലീസ് ചെയ്ത ചന്ദ്രമുഖി ചിത്രത്തിൽ രജനികാന്ത് ആയിരുന്നു നായകൻ. ഈ ചിത്രത്തിന്‍റെ അണിയറ ദൃശ്യങ്ങളും നയൻതാരയുടെ ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന ഡോക്യുമെന്‍റററിയിൽ ഉപയോഗിച്ചിരുന്നു. ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര രംഗത്തെത്തിയതോടെയാണ് കോളിവുഡിൽ വിവാദം ആളിക്കത്തിയത്.
പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ നയൻ താരയുടെ ജന്മദിനമായ നവംബര്‍ 18ന് ഡോക്യുമെന്‍ററി റീലീസ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയല്‍ ചെയ്തത്. ധനുഷ്- നയൻതാര വിവാദങ്ങൾക്ക് കാരണമായ നാനും റൗഡി താൻ സിനിമയുടെ അണിയറദൃശ്യങ്ങളും ഡോക്യുമെന്‍റിയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണിപ്പോള്‍ ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളും നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.