തമിഴ്നാട്ടില്‍ ഡിഎംകെയുടെ മിന്നും ജയം; വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റം പാളുമോ, നീളുമോ?

By Web Team  |  First Published Jun 6, 2024, 12:32 PM IST

ഡിഎംകെയുടെ വിജയം ശരിക്കും ആശങ്കയിലാക്കുന്നത് രാഷ്ട്രീയ പ്രേവേശനം പ്രഖ്യാപിച്ച ദളപതി വിജയിയെ ആയിരിക്കും എന്നാണ് തമിഴ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. 


ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ഡ‍ിഎംകെ നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി മിന്നും ജയമാണ് നേടിയത്. ബിജെപി, എഡിഎംകെ അടക്കം പ്രതിപക്ഷം ഉയര്‍ത്തിയ വെല്ലുവിളിയെ മറികടന്ന് ഡിഎംകെ മുന്നണി തമിഴ്നാട്ടിലെ 39 സീറ്റും തൂത്തുവാരി. ഒപ്പം പോണ്ടിച്ചേരി സീറ്റും ഇന്ത്യ മുന്നണിക്കാണ്. ഡിഎംകെ വിജയം തമിഴ് സിനിമ ലോകത്തും പ്രകമ്പനം ഉണ്ടാക്കും എന്നാണ് വിലയിരുത്തല്‍. 

തമിഴ് സിനിമ ലോകം ഏതാണ്ട് ഭരണകക്ഷിയായ ഡിഎംകെയുടെ നിയന്ത്രണത്തിലാണ് എന്നതാണ് സംസാരം. ഉദയനിധി സ്റ്റാലിന്‍ സ്ഥാപിച്ച റെഡ് ജൈന്‍റ് മൂവീസാണ് തമിഴകത്തെ സിനിമ മാര്‍ക്കറ്റിലെ കരുത്തര്‍. ഈ ആധിപത്യം തുടരും എന്ന് സിനിമ ലോകത്തിന് ഉറപ്പാണ്. തമിഴകത്തെ രാഷ്ട്രീയക്കാരായ സിനിമക്കാരില്‍ മക്കള്‍ മയ്യം കക്ഷിയുണ്ടാക്കിയ നടന്‍ കമല്‍ഹാസന്‍ ഇത്തവണ ഡ‍ിഎംകെ മുന്നണിക്ക് പിന്തുണ നല്‍കുകയാണ് ഉണ്ടായത്. പലയിടത്തും കമല്‍ ഡിഎംകെ പ്രചാരണത്തിനായി ഇറങ്ങുകയും ചെയ്തു.

Latest Videos

അതേ സമയം നടന്‍ ശരത് കുമാര്‍ തന്‍റെ കക്ഷിയെ ബിജെപിയില്‍ ലയിപ്പിച്ച് അവസാന നിമിഷമാണ് തെര‌ഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. ശരത് കുമാറിന്‍റെ ഭാര്യ നടി രാധിക ശരത് കുമാര്‍ മത്സര രംഗത്തും ഇറങ്ങി. വിരുദനഗറില്‍ മത്സരിച്ച രാധിക മൂന്നാംസ്ഥാനത്താണ് എത്തിയത്. അന്തരിച്ച നടന്‍ വിജയകാന്തിന്‍റെ പാര്‍ട്ടി ഡിഎംഡ‍ികെ ഇത്തവണ എഐഎഡിഎംകെ സഖ്യത്തിലാണ് മത്സരിച്ചത്. വിദുരനഗറില്‍ തന്നെയാണ് ഇവര്‍ക്കും സീറ്റ് കിട്ടിയത്. വിജയകാന്തിന്‍റെ മകന്‍ വിജയ് പ്രഭാകരാണ് മത്സര രംഗത്ത് ഇറക്കിയത്. 

ഇവിടുത്തെ സിറ്റിംഗ് എംപി കോണ്‍ഗ്രസിന്‍റെ മാണിക്യം ടാഗോറിന് കടുത്ത മത്സരമാണ് വിജയ് പ്രഭാകരന്‍ സമ്മാനിച്ചത്. വിജയകാന്തിന്‍റെ ജന്മനാട്ടില്‍  4,379 വോട്ട് പിന്നില്‍ മാത്രമായാണ് ഡിഎംഡ‍ികെ സ്ഥാനാര്‍ത്ഥി എത്തിയത്. കന്യാകുമാരിയില്‍ കോണ്‍ഗ്രസിന്‍റെ നിലവിലെ എംപിയും സിനിമ നടനുമായ വിജയ് വസന്തും മികച്ച വിജയം നേടിയിരുന്നു. തമിഴ്നാട്ടിലെ പ്രമുഖ വ്യാപാര ശൃംഖല വസന്ത് ആന്‍റ് കോ സ്ഥാപകന്‍ എച്ച് വസന്തകുമാറിന്‍റെ മകനാണ് വിജയ് വസന്ത്. കന്യാകുമാരി എംപിയായ ഇദ്ദേഹം അന്തരിച്ച വേളയിലാണ് ആദ്യമായി വിജയ് വസന്ത് എംപിയായത്. 

എന്നാല്‍ ഡിഎംകെയുടെ വിജയം ശരിക്കും ആശങ്കയിലാക്കുന്നത് രാഷ്ട്രീയ പ്രേവേശനം പ്രഖ്യാപിച്ച ദളപതി വിജയിയെ ആയിരിക്കും എന്നാണ് തമിഴ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. തമിഴ് വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയായിരിക്കും രാഷ്ട്രീയ രംഗത്ത് ഇറങ്ങുക എന്നാണ് വിജയ് വ്യക്തമാക്കിയത്. 

ആപ്പ് വഴി അരക്കോടിയിലേറെപ്പേര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ എത്തിയെന്നാണ് അടുത്തിടെ ടിവികെ വൃത്തങ്ങള്‍ അവകാശപ്പെട്ടത്. അതേ സമയം ഇപ്പോള്‍ അഭിനയിക്കുന്ന ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം നിലവില്‍ 'ദളപതി69'എന്ന് താല്‍ക്കാലിക പേരിട്ടിരിക്കുന്ന ചിത്രം ചെയ്ത ശേഷം പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് എന്നായിരുന്നു വിജയ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ചിത്രം അനിശ്ചിതത്വത്തിലാണ് എന്നാണ് വിവരം. 

നിലവില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ താരമൂല്യമുള്ള താരമായ ദളപതി വിജയിയുടെ ചിത്രത്തിന് നിര്‍മ്മാതാവ് ഇല്ലെന്നതാണ് അവസ്ഥ. ഇത് കോളിവുഡില്‍ വാര്‍ത്തയാകുന്നുണ്ട്.  വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുന്‍പുള്ള ചിത്രം എന്ന നിലയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ സിനിമയില്‍ വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ തമിഴ് സിനിമ രംഗത്ത് തമിഴ്നാട്ടിലെ ഭരണകക്ഷിയുടെ ശക്തി നന്നായി അറിയാവുന്ന തമിഴ്നാട്ടിലെ വന്‍ പ്രൊഡ്യൂസേര്‍സ് ഒന്നും  'ദളപതി 69' ല്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ഒരു അഭ്യൂഹം കോളിവുഡില്‍ പരക്കുന്നുണ്ട്. 

ഡിഎംകെയുടെ ഈ വിജയം ഈ അനിശ്ചിതത്വം ചിലപ്പോള്‍ ശക്തമാക്കിയേക്കും എന്നാണ് വിവരം. അതേ സമയം പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയിയുടെ പാര്‍ട്ടിയുടെ നിലപാട് എന്തായിരിക്കും എന്നതും ശ്രദ്ധേയമാണ്. ഒറ്റയ്ക്ക് രംഗത്ത് ഇറങ്ങാനാണ് വിജയ് ഇതുവരെ എടുത്ത തീരുമാനം. പക്ഷെ പുതിയ അവസ്ഥയില്‍ ഘടക കക്ഷികളെ കണ്ടെത്തുമോ എന്നതും ശ്രദ്ധേയമാണ്. 10 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ആദ്യഘട്ടത്തില്‍ കിട്ടും എന്ന ആത്മവിശ്വാസം ആഭ്യന്തര സര്‍വേകളില്‍ വിജയ് പാര്‍ട്ടി കണ്ടെത്തിയെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. 

ലോക്സഭയിലെ ഡിഎംകെ മുന്നണിയുടെ വിജയം വച്ച് നോക്കിയാല്‍ ഇത് മൂലം എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ഇറങ്ങിയാല്‍ വിജയിയുടെ പാര്‍ട്ടിയുടെ പ്രകടനം പരിതാപകരമാകും എന്നാണ് രാഷ്ട്രീയ വ‍ൃത്തങ്ങള്‍ പറയുന്നത്. അതിനാല്‍ ഏതെങ്കിലും മുന്നണിയെ ആശ്രയിക്കുക എന്നതാണ് വിജയിക്ക് നല്ലതായ മാര്‍ഗ്ഗം. പക്ഷെ അത് ഇതുവരെ പാര്‍ട്ടി രൂപീകരണത്തിലടക്കം പറഞ്ഞ കാര്യങ്ങള്‍ക്ക് എതിരാകുകയും ചെയ്യും. 

ശക്തമായ ബദല്‍ എന്ന സന്ദേശത്തില്‍ പ്രചാരണം നടത്തി 2026 ല്‍ മാറ്റം ഉണ്ടാക്കാം എന്നാണ് വിജയിയുടെ പാര്‍ട്ടി കരുതുന്നത്. എന്നാല്‍ അതേ ആശയത്തില്‍ വന്‍ സപ്പോര്‍ട്ടില്‍ ബിജെപി തമിഴകത്ത് ഇത്തവണ ലോക്സഭയില്‍ പ്രചാരണം നടത്തിയിട്ടും കാര്യമായ നേട്ടം ഉണ്ടാക്കാത്തത് ഒരു പ്രശ്നമായി വിജയിയും അനുഭവിച്ചേക്കും എന്നാണ് വിലയിരുത്തല്‍. 

എന്തായാലും ശരത് കുമാര്‍ അടക്കം നടത്തിയ നീക്കങ്ങള്‍ തകര്‍ന്ന് തരിപ്പണമായ അവസ്ഥയില്‍ വിജയ് രാഷ്ട്രീയ പ്രവേശനം മാറ്റിവയ്ക്കുന്നതും നല്ലതാണ് എന്ന തരത്തില്‍ നിരീക്ഷണം വരുന്നുണ്ട്. എന്തായാലും കാത്തിരിക്കാന്‍ തന്നെയാണ് തമിഴകത്തെ വിജയ് ഫാന്‍സിന്‍റെ തീരുമാനം. 

നിരൂപകര്‍ പുകഴ്ത്തി, ത്രില്ലിംഗ് സ്പോര്‍ട്സ് ഡ്രാമ: തീയറ്ററില്‍ എട്ടുനിലയില്‍ പൊട്ടി, ഒടുവില്‍ ഒടിടിയില്‍

തമിഴ് സിനിമയെ കൈപിടിച്ചുയര്‍ത്തിയ 'സുന്ദരി പ്രേതങ്ങള്‍': ഇനി ഒടിടി റിലീസിന്, റിലീസ് ഡേറ്റായി

click me!