'അന്ന് യുവനടൻ പിൻമാറി, വീട് വയ്ക്കാനെടുത്ത ലോണും സിനിമയിലേക്ക്, ഒടുവിൽ ആകാശഗംഗ സൂപ്പർ ഹിറ്റ്'

By Web Team  |  First Published Jan 25, 2024, 10:26 PM IST

ആകാശ​ഗം​ഗ റിലീസ് ചെയ്തിട്ട് 25 വർഷം തികയുന്നു. 


ലയാളികൾ ഇന്നും ടെലിവിഷനിൽ കാണുമ്പോൾ കൗതുകത്തോടെ കണ്ടിരിക്കുന്നൊരു സിനിമയാണ് ആകാശ​ഗം​ഗ. 1999 ജനുവരി 26ന്  വിനയന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. ചിത്രത്തിന്റെ സംവിധാനം മാത്രമല്ല നിർമാണവും വിനയൻ തന്നെയാണ് നിർവഹിച്ചത്. ആകാശ​ഗം​ഗ റിലീസ് ചെയ്തിട്ട് നാളെ 25 വർഷം തികയാനിരിക്കെ വിനയകൻ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. 

"ആകാശഗംഗ റിലീസായിട്ട് നാളെ ഇരുപത്തഞ്ചു വർഷം തികയുന്നു..വെള്ള സാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ കാലം കഴിഞ്ഞു എന്നെന്നോട് നിരവധി നിർമ്മാതാക്കൾ അന്നു പറഞ്ഞിരുന്നു.. പക്ഷേ എനിക്കെന്തോ ആ കഥ ജനം സ്വീകരിക്കും എന്ന  വിശ്വാസം തോന്നിയിരുന്നു.. കഥ കേട്ട പലരും എന്നോട് മുഖം തിരിച്ചപ്പോൾ ഒടുവിൽ സ്വയം നിർമ്മാതാവിൻെറ കൂടി മേലങ്കി അണിയുവാൻ ഞാൻ തീരുമാനിച്ചു.. പ്രതികാര ദുർഗ്ഗയായ യക്ഷിക്കും  അവളെ തളക്കുന്ന മേപ്പാടൻ എന്ന രാജൻ പി ദേവ് ചെയ്ത കഥാപാത്രത്തിനും ആയിരുന്നു സിനിമയിൽ പ്രാധാന്യം എന്നതു കൊണ്ടു തന്നെ അന്നു പ്രശസ്തനായിരുന്ന യുവനടനും ആകാശ ഗംഗയിൽ നിന്നു പിൻമാറി.. അപ്പോഴും ഈ യക്ഷിയമ്മ എന്നെ രക്ഷിക്കും എന്നെൻെറ മനസ്സെന്നോടു പറഞ്ഞു കൊണ്ടേയിരുന്നു.. അതിനൊരു കാരണവും ഉണ്ടായിരുന്നു കുട്ടനാട്ടിലെ ഞങ്ങടെ കുടുംബമായ കോയിപ്പുറത്ത് കാവിലെ കന്യക്കോണിൽ നിന്നിരുന്ന ഏഴിലം പാലയിലെ പ്രണയാദ്രയും പ്രതികാര ദാഹിയുമായ യക്ഷിയുടെ കഥ അമ്മ പലപ്പോഴും പറയുമായിരുന്നു.. ആ കഥ തന്നെ ആയിരുന്നു ആകാശ ഗംഗയുടെ ത്രെഡ്.. ചെല കാര്യങ്ങൾ നടപ്പാക്കാൻ പലപ്പോഴും വലിയ റിസ്ക് എടുക്കേണ്ടി വരും..ആകാശഗംഗയുടെ കാര്യത്തിൽ ഞാനതെടുത്തു..വീടു വയ്കാനനുവദിച്ച ലോൺ പോലും എടുത്ത് ആ സിനിമയ്കു വേണ്ടി ഉപയോഗിച്ച കാര്യം ഞാൻ പല ഇൻറർവ്യുകളിലും മുൻപ് പറഞ്ഞിട്ടുണ്ട്..നായകനായി പുതുമുഖം റിയാസിനെ ആ യുവ നടനു പകരം കാസ്റ്റു ചെയ്തുകൊണ്ട് മുന്നോട്ടു പോയ എന്നെ അന്നു ഞാൻ കണ്ടിരുന്ന സ്വപ്നം പോലെ തന്നെ യക്ഷി സഹായിച്ചു..

Latest Videos

ആകാശ ഗംഗ സൂപ്പർഹിറ്റായെന്നു മാത്രമല്ല സംവിധായകനപ്പുറം നിർമ്മാതാവെന്ന നിലയിൽ എനിക്ക് വലിയ ലാഭവും  നേടിത്തന്നു..ആകാശഗംഗ റിലീസായ 1999 ൽ തന്നെ വാസന്തിയും ലഷ്മിയും ലഷ്മിയും പിന്നെ ഞാനും, പ്രണയ നിലാവും! ഇൻഡിപ്പെൻഡൻസും റിലീസു ചെയ്തിരുന്നു..എല്ലാം വിജയചിത്രങ്ങളായിരുന്നു..അതിനടുത്ത വർഷങ്ങളിലായിരുന്നു കരുമാടിക്കുട്ടനും ദാദാ സാഹിബും രാക്ഷസ രാജാവുമൊക്കെ.. പിന്നീടിങ്ങോട്ടു മലയാളത്തിലും തമിഴിലുമായി നാൽപ്പത്തി നാലു ചിത്രങ്ങൾ.. ഒടുവിൽ റിലീസായ "പത്തൊമ്പതാം നൂറ്റാണ്ടു" വരെയുള്ള എൻെറ സിനിമാ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ ഞാൻ സംതൃപ്തനാണ്..

തമിഴ്നാട്ടിൽ 200 ദിവസം ഓടിയ മലയാള സിനിമ, കേരളത്തില്‍ ട്രെന്‍റ്; അൽഫോൺസ് പുത്രൻ ചിത്രം വീണ്ടും സ്ക്രീനിൽ !

ഫിലിം ഇൻഡസ്ട്രിയിൽ ഞാനെടുത്ത ചില ശക്തമായ നിലപാടുകളുടെ പേരിൽ എനിക്കു കുറേ വർഷങ്ങൾ  നഷ്ടമായെങ്കിലും.. പറയാനുള്ളത് ഏതു ദിവ്യന്റേം മുഖത്ത് നോക്കി പറയാൻ കഴിഞ്ഞു.. അതിൻെ പേരിൽ സുപ്രീം കോടതി വരെ പോയി കേസു പറഞ്ഞ് ഞാൻ പറഞ്ഞതായിരുന്നു സത്യം എന്നു തെളിയിക്കാൻ കഴിഞ്ഞു എന്ന്തൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് ഞാൻ കാണുന്നത്..ഞാൻ ഏറ്റുമുട്ടിയത് മഹാ മേരുക്കളോടായിരുന്നല്ലോ?.. എന്റെ മനസ്സാക്ഷിക്കു നേരെന്നു തോന്നുന്നതിനു വേണ്ടി ഫൈറ്റു ചെയ്യുന്നതിൻെറ ലഹരി എനിക്കേറെ ഇഷ്ടമാണ്. അതിനിയും തുടരും. ഇതുവരെ എന്നെ സഹിച്ച സപ്പോർട്ടു ചെയ്ത, കൂടെ സഹകരിച്ച,എല്ലാവർക്കും നന്ദി പറയാൻ കൂടി ഈ അവസരം ഉപയോഗിക്കട്ടെ.. വ്യത്യസ്ഥങ്ങളായ പ്രമേയങ്ങളുമായിട്ടാണ് ഞാൻ മിക്കപ്പോഴും പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുള്ളത്.. ഇനിയും അത്തരം സിനിമകളുമായി വരാനാണ് ശ്രമിക്കുന്നതും..അതിന്റെ പണിപ്പുരയിലാണ്..നന്ദി", എന്നാണ് വിനയന്‍ കുറിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!