'രഞ്‍ജിത്താണ് മറുപടി പറയേണ്ടത്', അവാര്‍ഡ് വിവാദത്തില്‍ മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് വിനയൻ

By Web Team  |  First Published Aug 1, 2023, 3:45 PM IST

ഇടപെടലുകള്‍ ഒന്നും നടത്തിയിട്ടില്ലെന്നു രഞ്‍ജിത്ത് പറഞ്ഞാല്‍ അതിനുള്ള മറുപടിയുമായി ശ്രീ പുഷ്‍പരാജ് എത്തിക്കോളുമെന്നും വിനയൻ.


കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തെ വിമര്‍ശിച്ച് സംവിധായകൻ വിനയൻ. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്‍ജിത്ത് ഇടപെട്ടുവെന്നാണ് താൻ ആരോപിച്ചത്.രഞ്ജിത്ത് ഉത്തരം പറഞ്ഞിട്ട് ബാക്കി പറയാമെന്നാണ്അങ്ങുതന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്‍പ രാജ് വ്യക്തമാക്കിയിരിക്കുന്നത്.അതിനു മുൻപ് താങ്കള്‍ വിധി പറയുന്നത് വേണമായിരുന്നോ എന്നും വിനയൻ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു.

വിനയന്റെ കുറിപ്പ്

Latest Videos

കേരള സംസ്ഥാന സിനിമാ അവാർഡ് ജൂറി അംഗം ശ്രീ നേമം പുഷ്‍പരാജ് പറഞ്ഞതും അതിൻപ്രകാരം ഞാൻ ആരോപിച്ചതുമായ കാര്യങ്ങൾ തള്ളിക്കളഞ്ഞ് കൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ സജി ചെറിയാൻഅക്കാദമി ചെയർമാൻ ശ്രി രഞ്ജിത്തിന് ക്ലീൻ ചിറ്റ് കൊടുത്തതായി ന്യൂസിൽ കണ്ടു. ചെയർമാൻ ഒരിടപെടലും നടത്തിയിട്ടില്ലത്രേ. അങ്ങയോടല്ലല്ലോ ഞങ്ങളതു ചോദിച്ചത് ശ്രീ രഞ്ജിത്തിനോട് അല്ലേ?. രഞ്ജിത്ത് ഉത്തരം പറയുമ്പോള്‍ബാക്കി പറയാമെന്നാണ്അങ്ങുതന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്‍പരാജ് പറഞ്ഞിരിക്കുന്നത്. അതിനു മുൻപ് ഈ വിധി പറച്ചിൽ വേണമായിരുന്നോ?.അവാർഡു നിർണ്ണയത്തിന്റെപ്രൊജക്ഷൻ നടക്കുമ്പോഴും ഡിസ്‍കഷൻ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ?. പിന്നെങ്ങനാണ് താങ്കൾ ഇത്ര നിസ്സംശയം പറഞ്ഞത് ചെയർമാൻ ഇടപെട്ടിട്ടില്ലെന്ന്. ചുരുങ്ങിയ പക്ഷം അങ്ങയുടെ പിഎസ്സിനോടെങ്കിലും ചോദിക്കണമായിരുന്നു സാർ..

താങ്കളുടെ പി എസ്സ് ആയ മനു സി പുളിക്കനോട് തുടക്ക ദിവസങ്ങളിൽ തന്നെ ചെയർമാൻ രഞ്ജിത്ത് അനാവശ്യമായി ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്‍പരാജ് പറഞ്ഞിരുന്നു സാർ. അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്ക്. ശ്രി മനു അതു നിയന്ത്രിക്കാൻ ശ്രമിച്ചെന്നും അറിഞ്ഞു. എന്നിട്ടും താങ്കള്‍ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ കഷ്‍ടമാ. അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നൊന്നും അല്ല ഇവിടെ പ്രശ്‍നം. അവാർഡ് നിർണ്ണയത്തിൽ സർക്കാരിന്റെ പ്രതിനിധി ആയ അക്കാദമി ചെയർമാൻ ഇടപെട്ടോ? അതാണ് ഗുരുതരമായവിഷയം. ജൂറി മെമ്പർമാരോടു സംസാരിച്ച രഞ്ജിത്തോ അതുകേട്ട ജൂറി മെമ്പര്‍മാരോ അല്ലേ അതിനുത്തരം പറയേണ്ടത്. നേമം പുഷ്‍പരാജിനെ കുടാതെ മറ്റൊരു ജൂറി അംഗമായ ശ്രീമതി ജിൻസി ഗ്രിഗറിയും ഇന്നു വെളുപ്പെടുത്തിയിട്ടുണ്ട് ശ്രീ രഞ്ജിത്തിന്റെ ഇടപെടലിനെപ്പറ്റി. അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണമായിരുന്നു അങ്ങ് ഈ ക്ലീൻ ചിറ്റു കൊടുക്കാൻ.. അതോ വിശ്വ വിഖ്യാത സംവിധായകർ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്നാണോ? അതിനു നിയമോം ചട്ടോം ഒന്നുംനോക്കേണ്ടതില്ലേ. ഏതായാലും അക്കാദമി ചെയർമാൻ രഞ്ജിത് പറയട്ടേ നേമം പുഷ്‍പരാജിന്റെആരോപണത്തിനുള്ള മറുപടി. ഇങ്ങനെ ഒന്നും ചെയ്‍തിട്ടില്ലാന്നു പറയാനുള്ള ധൈര്യം രഞ്ജിത്തു കാണിച്ചാൽ അതിനുള്ള മറുപടിയുമായി ശ്രീ പുഷ്‍പരാജ് എത്തിക്കോളും പുറകേ മാത്രമേ ഞാൻ വരേണ്ടതുള്ളു. അതിനു മുൻപ് ആരും മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്‍ടപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം.

Read More: 'രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസം', അന്വേഷണമില്ല, പരാതിയുണ്ടെങ്കിൽ നിയമപരമായി പോകട്ടെയെന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!