പവന്‍ കല്ല്യാണിന്‍റെ രാഷ്ട്രീയ തിരക്കുകളും, ആന്ധ്ര തെരഞ്ഞെടുപ്പും ചിത്രത്തെ വൈകിപ്പിക്കാന്‍ ഇടയാക്കി എന്നാണ് വിവരം.
ഹൈദരാബാദ്: പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു പവന്‍ കല്ല്യാണ്‍ നായകനായി എത്തി ഹരി ഹര വീര മല്ലു എന്ന ചിത്രം. ശ്രീ സൂര്യ മൂവീസിന്‍റെ ബാനറില്‍ എഎം രത്നം ഒരുക്കുന്ന ബിഗ് ബജറ്റ് പിരീയിഡ് ഡ്രാമ ഏതാണ്ട് അഞ്ച് കൊല്ലം മുന്‍പാണ് പ്രഖ്യാപിച്ചത്. പിന്നീട് പല കാരണങ്ങളാല്‍ ചിത്രം വൈകി. ഏറ്റവും ഒടുവില്‍ ചിത്രം വീണ്ടും ആരംഭിച്ചു എന്നതിന്‍റെ സൂചനയില്‍ നിര്‍മ്മാതാക്കള്‍ ഒരു ടീസറും പുറത്തുവിട്ടിരുന്നു.
പവന്‍ കല്ല്യാണിന്‍റെ രാഷ്ട്രീയ തിരക്കുകളും, ആന്ധ്ര തെരഞ്ഞെടുപ്പും ചിത്രത്തെ വൈകിപ്പിക്കാന്‍ ഇടയാക്കി എന്നാണ് വിവരം. എന്നാല്‍ ഏറ്റവും പുതിയ അപ്ഡേറ്റില്‍ ചിത്രത്തില്‍ നിന്നും സംവിധായകന്‍ കൃഷ് പിന്‍മാറി എന്നാണ് വിവരം. കൃഷിന് പകരം നിര്‍മ്മാതാവ് എഎം രത്നത്തിന്‍റെ മകന്‍ ജ്യോതി കൃഷ്ണ ചിത്രം പൂര്‍ത്തിയാക്കും എന്നാണ് വിവരം. ഒപ്പം തന്നെ ഹര ഹര വീര മല്ലു രണ്ട് ഭാഗമായിട്ടാകും പുറത്തിറങ്ങുക എന്നാണ് വിവരം. ആദ്യ ഭാഗത്തിന് ഹരി ഹര വീര മല്ലു പാര്‍ട്ട് വണ്‍: സോര്‍ഡ് ആന്‍റ് സ്പിരിറ്റ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ഒസ്കാര്‍ അവാര്‍ഡ് ജേതാവായ എംഎം കീരവാണിയാണ് ഹരി ഹര വീര മല്ലുവിന് സംഗീതം നല്‍കുന്നത്. നിദി അഗര്‍വാളാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്‍റെ ആദ്യഭാഗത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചിത്രം പുറത്തിറക്കാനാണ് മുന്‍ഗണന എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. അതേ സമയം പോസ്റ്റ് പ്രൊഡക്ഷനില്‍ ഇപ്പോള്‍ പിന്‍മാറിയ സംവിധായകന്‍ കൃഷിന്‍റെ മേല്‍നോട്ടവും ഉണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
ചിത്രം നീണ്ടു പോകുന്നതാണ് കൃഷിന്‍റെ പിന്‍മാറ്റത്തിലേക്ക് നയിച്ചത് എന്നാണ് ടോളിവുഡിലെ സംസാരം. എന്നാല്‍ കരാറുകള്‍ ഉള്ളതിനാല്‍ പ്രൊജക്ട് ഉപേക്ഷിക്കാതെ നിര്‍മ്മാതാക്കള്‍ക്ക് കൈമാറുകയാണ് അദ്ദേഹം ചെയ്തത്. അതേ സമയം വീര മല്ലുവിന് മുന്‍പ് ഒജി, ഉസ്താദ് ഭഗത് സിംഗ് എന്നീ ചിത്രങ്ങള്‍ പവന്‍ കല്ല്യാണിന് പൂര്‍ത്തിയാക്കാനുണ്ടെന്നാണ് വിവരം. ആന്ധ്ര തെരഞ്ഞെടുപ്പില്‍ തെലുങ്ക് ദേശം മുന്നണിയില്‍ മത്സരിക്കുന്ന പവന്‍ കല്ല്യാണിന്‍റെ പാര്‍ട്ടി ജനസേനയുടെ പ്രചാരണ തിരക്കിലാണ് ഇപ്പോള്‍ താരം.