'അക്കാര്യത്തില്‍ ഞങ്ങള്‍ ഒരുപോലെയാണ്'; തനിക്കും പ്രണവിനുമുള്ള സാമ്യത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

By Web Team  |  First Published Dec 9, 2023, 12:00 AM IST

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിക്കുന്നുണ്ട്


വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ഒരുക്കുന്ന ചിത്രത്തില്‍ ധ്യാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ ഇവരൊക്കെ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും വിനീത് ചിത്രീകരിക്കുന്നുണ്ട്. ഇപ്പോഴിതാ അഭിനേതാക്കള്‍ എന്ന നിലയില്‍ തനിക്കും പ്രണവിനുമുള്ള ചില സമാനതകളെക്കുറിച്ച് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്‍റെ പുതിയ ചിത്രം ചീനാ ട്രോഫിയുടെ പ്രൊമോഷന്‍റെ ഭാഗമായുള്ള പരിപാടിക്കിടെയുള്ള ചോദ്യത്തിലായിരുന്നു ധ്യാനിന്‍റെ പ്രതികരണം.

ധ്യാനിലെ നടനെ ഉപയോഗപ്പെടുത്തുന്നവര്‍ കുറവാണോ എന്ന ചോദ്യത്തിന് നടന്‍റെ മറുപടി ഇങ്ങനെ- "അഭിനയത്തോട് എനിക്ക് വലിയ പാഷന്‍ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തുപോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും (പ്രണവ്) അഭിനയിക്കുന്ന സമയത്തുപോലും ഞങ്ങള്‍ ഭയങ്കര ഡിറ്റാച്ച്ഡ് ആണ് ആ സിനിമയുമായിട്ട്. ഏട്ടന്‍ ഭയങ്കര ഇമോഷണല്‍ ആയിട്ടാണ് ആ സിനിമയെ സമീപിക്കുന്നത്. ചില സീനൊക്കെ വരുമ്പോള്‍ ഏട്ടന്‍റെ കണ്ണ് നിറയുന്നതൊക്കെ കാണാം. ആ നിമിഷത്തിലുള്ള ആക്ഷനും കട്ടും കഴിഞ്ഞാല്‍ നമ്മള്‍ അത് കൊണ്ടുനടക്കുന്നൊന്നുമില്ല. ചിലര്‍ക്ക് അത് ഭയങ്കര പേഴ്സണല്‍ ആണ്. ഏട്ടന്‍ ഡയറക്റ്റ് ചെയ്യുന്ന സമയത്ത് ചിലപ്പോള്‍ മ്യൂസിക് ഒക്കെ വച്ചിട്ടാണ് ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യുക. ഇത് കഴിഞ്ഞോ, അടുത്തത് ഏതാണ് സീന്‍ എന്നാണ് ഞാന്‍ ചോദിക്കുക. കാരണം അടുപ്പിച്ച് പടം ചെയ്തുചെയ്ത് ആ പ്രോസസ് യാന്ത്രികമായി തുടങ്ങി. അപ്പുവും എന്നെപ്പോലെതന്നെ ആയതുകൊണ്ട് എനിക്കവിടെ കമ്പനിയുണ്ട്. ആരോ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങള്‍ രണ്ടുപേരും. ഏട്ടന്‍റെ സിനിമ എന്നത് എനിക്ക് പേഴ്സണല്‍ ആണ്. ഏട്ടന്‍ പറയുന്നത് കേള്‍ക്കുക, തിരിച്ച് റൂമില്‍ പോവുക എന്നതേ ഉള്ളൂ", ധ്യാന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

Latest Videos

പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ  ചിത്രീകരണം ആരംഭിച്ചത് ഒക്ടോബര്‍ അവസാനമായിരുന്നു.

ALSO READ : ഇതുവരെ എത്ര ടിക്കറ്റുകള്‍ വിറ്റു? യുഎസ് ബുക്കിംഗില്‍ 'ഡങ്കി'യെ മലര്‍ത്തിയടിച്ച് 'സലാര്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!