ജാനകി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് ദേവിക കാഴ്ചവച്ചിരിക്കുന്നത്
ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിൽ ടീന മോൾ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ താരമാണ് ദേവിക സഞ്ജയ്. ശേഷം ജയറാമും മീര ജാസ്മിനും ഒന്നിച്ച 'മകൾ' എന്ന ചിത്രത്തിലും അപർണ എന്ന ഏറെ പ്രാധാന്യമുള്ള വേഷത്തിൽ താരം എത്തിയിരുന്നു. ഇപ്പോഴിതാ കരിയറിലെ തന്‍റെ ആദ്യ നായികാ വേഷത്തിൽ എത്തിയിരിക്കുകയാണ് ദേവിക. നാദിര്‍ഷ സംവിധാനം ചെയ്ത 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' എന്ന ചിത്രത്തിലൂടെയാണ് ദേവിക നായികയായി എത്തിയിരിക്കുന്നത്.
ജാനകി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് ദേവിക കാഴ്ചവച്ചിരിക്കുന്നത്. പ്രണയ രംഗങ്ങളിലും ഇമോഷണൽ രംഗങ്ങളിലുമൊക്കെ മികച്ച രീതിയിലാണ് ദേവികയുടെ പ്രകടനം. ചിത്രത്തിൽ നായകനായെത്തിയ മുബിൻ റാഫിയും ദേവികയും ചേർന്നുള്ള കെമിസ്ട്രി നല്ല രീതിയിൽ വർക്കായിട്ടുമുണ്ട്.
റാഫിയുടെ തിരക്കഥയിൽ നാദിര്‍ഷ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മയക്കുമരുന്ന് മാഫിയ, വിദേശത്തേക്ക് ചേക്കേറുന്ന പുതിയ തലമുറ, അവരിൽ ചിലരുടെയൊക്കെ വീട്ടിലെ അവസ്ഥകള്‍, അവർ അറിയാതേയും അറിഞ്ഞുകൊണ്ടും ചെന്നുപെട്ടുപോകുന്ന പ്രശ്നങ്ങള്‍ ഇവയൊക്കെയാണ് സംസാരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് ചിത്രത്തിലെ നായകന്‍. അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹകൻ ഷാജി കുമാർ, എഡിറ്റർ ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ, മേക്കപ്പ് റോണെക്സ് സേവ്യർ.