നടൻ ഷാരൂഖ് ഖാനുമായുള്ള കെമിസ്ട്രിയെ കുറിച്ച് ദീപിക പദുക്കോണ്‍.
ഷാരൂഖ് ഖാനും ദീപികയും ഒന്നിച്ച ചിത്രം 'പഠാൻ' വൻ വിജയമായി മാറിയിരിക്കുകയാണ്. ഷാരൂഖും ദീപികയും മുമ്പ് ഒന്നിച്ച ചിത്രങ്ങളും വൻ ഹിറ്റുകള്‍ ആയിരുന്നു. ചില ഗാനരംഗങ്ങള്‍ വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും ചിത്രത്തെ അതൊന്നും ബാധിച്ചിരുന്നില്ല. ഷാരൂഖ് ഖാനുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് ദീപിക പദുക്കോണ്‍ 'പഠാന്റെ' വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മനസ് തുറന്നു,
ഞങ്ങള്‍ തമ്മിലുള്ള കെമിസ്‍ട്രി ഇപ്പോഴുമുള്ളത് വളരെ രസകരമാണ്. 'പഠാനി'ലെ ഞങ്ങളുടെ കഥാപാത്രങ്ങള്‍ വ്യത്യസ്‍തമായിരുന്നു. അതുപോലെ ഞങ്ങള്‍ ചെയ്‍തത് നിങ്ങള്‍ ആരും കണ്ടിട്ടുണ്ടാകില്ല. 'ഓം ശാന്തി ഓം', 'ഹാപ്പി ന്യൂ ഇയര്‍', 'ചെന്നൈ എക്സ്പ്രസ്' എന്നിവയൊക്കെ പ്രത്യേകതയുള്ളതാകുന്നത് ഞങ്ങള്‍ തമ്മിലുള്ള ബന്ധവും സ്‍നേഹവും കൊണ്ടാണ്. ഷാരൂഖ് ഖാന് എന്നെ കുറിച്ചുള്ള ഒരു പ്രതീക്ഷ ഇല്ലായിരുന്നെങ്കില്‍ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല. 'ഓം ശാന്തി ഓമി'ന് മുമ്പ് സിനിമയുടെ സെറ്റില്‍ ഒരിക്കലും പോയിട്ടില്ല. പക്ഷേ അദ്ദേഹം വളരെ ആത്മവിശ്വാസമുണ്ടാക്കി. അത് അദ്ദേഹത്തിനു പോലും അറിയാത്ത തരത്തില്‍ സ്‍ക്രീനിലേക്ക് എത്തുകയായിരുന്നു. താനും ഷാരുഖും തമ്മില്‍ മനോഹരമായ ഒരു ബന്ധമുണ്ടെന്നാണ് വിജയകരമായ കെമിസ്‍ട്രിയെ കുറിച്ച് 'പഠാന്റെ' റിലീസിനു മുമ്പും ദീപിക പദുക്കോണ്‍ പറഞ്ഞിരുന്നത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രമാണ് 'പഠാൻ'. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.
Read More: നാനിയുടെ വിളയാട്ടം, എതിരിടാൻ ഷൈൻ ടോം ചാക്കോയും- 'ദസറ' ടീസര്‍ പുറത്ത്