18കെ ദൃശ്യമിഴിവ്, 1.6 ലക്ഷം സ്‍പീക്കറുകള്‍, 17,000 സീറ്റുകള്‍! ലോകത്തിലെ ഏറ്റവും വലിയ സ്ക്രീനില്‍ അത്ഭുതം

By Web Team  |  First Published Sep 13, 2023, 6:10 PM IST

ലാസ് വേഗാസിലെ 'ദി സ്‍ഫിയറി'ല്‍ ദൃശ്യാവതരണങ്ങള്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ സ്ക്രീനും അനുബന്ധ സൌകര്യങ്ങളും


ദൃശ്യമാധ്യമം എന്ന സാധ്യതയെ സിനിമയെന്ന കല എപ്പോഴും പുതുക്കിക്കൊണ്ടിരിക്കാറുണ്ട്. സ്ക്രീനുകളുടെ വലിപ്പത്തിലും ഡയമന്‍ഷനിലും ശബ്ദക്രമീകരണം അടക്കമുള്ള സങ്കേതങ്ങളിലുമൊക്കെ സിനിമയില്‍ എക്കാലവും പരീക്ഷണങ്ങള്‍ നടക്കാറുണ്ട്. ഐമാക്സുകള്‍ ജനപ്രിയമാകുന്ന കാലത്ത് ഭാവിയിലെ സിനിമ എവിടെ നില്‍ക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. ഇപ്പോഴിതാ യുഎസിലെ ലാസ് വേഗാസില്‍ ഒരു ദൃശ്യാത്ഭുതം ആദ്യ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ലോകത്തിലെ ആദ്യ ഇമ്മേഴ്സീവ് അനുഭവത്തിന്‍റെ ലക്ഷ്യസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഫിയര്‍ വേഗാസിലാണ് കാണികളെ ഈ അത്ഭുതം കാത്തിരിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ ചലച്ചിത്ര സംവിധായികന്‍ ഡാരെന്‍ അരണോവ്‍സ്‍കിയുടെ പോസ്റ്റ്കാര്‍ഡ് ഫ്രം എര്‍ത്ത് എന്ന ദൃശ്യാവതരണം ഒക്ടോബര്‍ 6 ന് ആണ്.

ദൃശ്യാവതരണങ്ങള്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ സ്ക്രീനും അനുബന്ധ സൌകര്യങ്ങളുമാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. നമ്മുടെ നാട്ടില്‍ നിലവിലെ സിനിമാ പ്രൊജക്ഷനുകള്‍ 4 കെ റെസല്യൂഷനിലാണ് നടക്കാറെങ്കില്‍ സ്ഫിയറില്‍ 18 കെ റെസല്യൂഷനിലുള്ള ദൃശ്യമിഴിവാണ് വിരുന്നൊരുക്കുക. 1.6 ലക്ഷം സ്പീക്കറുകളില്‍ നിന്നാണ് ശബ്ദം ക്രമീകരണം. സ്ക്രീനിന് ഏകദേശം നാല് ഫുട്ബോള്‍ ഗ്രൌണ്ടുകളുടെ വലിപ്പം വരും. അതായത് 1.6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള എല്‍ഇഡി ഡിസ്പ്ലേ. എല്ലാം ചേര്‍ത്ത് അര പെറ്റാബൈറ്റ് വരുന്ന (5 ലക്ഷം ജിബി) ദൃശ്യശ്രാവ്യാനുഭവമാണ് കാണികളെ കാത്തിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Darren Aronofsky (@darrenaronofsky)

 

പോസ്റ്റ്കാര്‍ഡ് ഫ്രം എര്‍ത്ത് എന്ന ദൃശ്യാവതരണത്തിന്‍റെ അവസാനവട്ട മിക്സിംഗിലാണ് സംവിധായകന്‍ ഡാരെന്‍ അരണോവ്‍സ്‍കിയും സംഘവും. രണ്ട് മനുഷ്യരുടെ കണ്ണിലൂടെ ഭൂമിയിലെ ജീവനെ നോക്കിക്കാണുന്ന ചിത്രം എല്ലാ ഭൂഖണ്ഡങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്. സ്ഫിയറിലെ സ്ക്രീനിന്‍റെ ദൃശ്യമിഴിവ് തന്‍റെ ഐഫോണില്‍ പകര്‍ത്തുക സാധ്യമല്ലെന്ന് അവിടെനിന്നുള്ള ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് ഡാരെന്‍ അരണോവ്‍സ്‍കി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. 49 മുതല്‍ 199 ഡോളര്‍ വരെയാണ് ഷോയുടെ ടിക്കറ്റ് നിരക്ക്. അതായത് 4067 രൂപ മുതല്‍ 16518 രൂപ വരെ.

ALSO READ : 'പഠാനെ' പിന്തള്ളി 2 ചിത്രങ്ങള്‍! ഇന്ത്യയിലെ 25 ഐമാക്സ് സ്ക്രീനുകളിലെ ഈ വര്‍ഷത്തെ പണംവാരിപ്പടങ്ങള്‍

WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ

click me!