'സൈബര്‍ ആക്രമണത്തിനെതിരേ നിയമ നടപടി'; അപഹസിക്കലും ഭീഷണിപ്പെടുത്തലും തുടരുന്നതായി മധുപാല്‍

By prajeesh Ram  |  First Published May 21, 2019, 10:12 PM IST

പ്രസംഗം ചിലര്‍ വളച്ചൊടിച്ച് ഉപയോഗിക്കുകയായിരുന്നു. അന്നുതന്നെ വിശദീകരണം നല്‍കിയെങ്കിലും സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണെന്നും മധുപാല്‍ എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 


തിരുവനന്തപുരം: തനിക്കുനേരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകനും നടനുമായ മധുപാല്‍. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ അപഹസിക്കുകയാണ്. ചിലര്‍ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ നേതാവിനെയോ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല. പൊതുവില്‍ ഭരണകൂടത്തിനെതിരെയാണ് അന്ന് സംസാരിച്ചത്. പ്രസംഗം ചിലര്‍ വളച്ചൊടിച്ച് ഉപയോഗിക്കുകയായിരുന്നു. അന്നുതന്നെ വിശദീകരണം നല്‍കിയെങ്കിലും സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണെന്നും മധുപാല്‍ എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

മധുപാലിന്‍റെ ഫേസ്ബുക്ക് പേജിലും പ്രൊഫൈലിലുമാണ് നൂറുകണക്കിന് ആളുകൾ അസഭ്യം പറയുന്നത്. 'നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്' എന്ന് മധുപാൽ മുമ്പ് ഒരു പൊതുചടങ്ങിൽ സംസാരിച്ചിരുന്നു. തുടർന്ന് മധുപാലിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വലിയ സൈബർ പ്രചാരണം നടന്നിരുന്നു. മധുപാൽ മരിച്ചു എന്ന വാർത്തയും സൈബർ അക്രമികൾ പ്രചരിപ്പിച്ചു.
 "ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടത്. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്‍റെ ചതുരത്തിൽ നിർത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം.''-ഇങ്ങനെയായിരുന്നു മധുപാലിന്‍റെ പ്രസംഗം.

Latest Videos

undefined

ഇതേത്തുടർന്ന് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് മധുപാൽ പറഞ്ഞതായി ഒരുപറ്റം ആളുകൾ പ്രചരിപ്പിച്ചു. താൻ പറഞ്ഞത് മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ ഉൾക്കൊള്ളുന്നുവെന്ന് മധുപാൽ ഫേസ്ബുക്കിൽ ഏപ്രിൽ മാസം 21ന് ഫേസ്ബുക്കിൽ എഴുതിയിരുന്നു. എക്സിറ്റ് പോളിന് ശേഷമാണ് വീണ്ടും മധുപാലിനെതിരെ സൈബര്‍ ആക്രമണം ശക്തമായത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!