ചിത്രത്തിനെതിരെ യൂത്ത് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത് കഴിഞ്ഞ ദിവസം ഒടിടി റിലീസ് ആയി എത്തിയ 'ചുരുളി'ക്കെതിരെ (Churuli) യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ കടന്നുവരുന്ന തെറിപ്രയോഗങ്ങള്‍ ചൂണ്ടിക്കാട്ടി വൈസ് പ്രസിഡന്‍റ് എം എസ് നുസൂര്‍ ആയിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ ഒരു കോണ്‍ഗ്രസ് നേതാവ് ഈ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുകയാണ്. കെപിസിസി നിര്‍വ്വാഹക സമിതിയംഗം അഡ്വ: ജോണ്‍സണ്‍ എബ്രഹാം ആണ് പരാതി നല്‍കിയിരിക്കുന്നത്. ഗുണ്ടാ സംസ്‍കാരത്തിന്‍റെ ഭാഗമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയെന്നും ആയതിനാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ജോജു ജോര്‍ജും അടക്കമുള്ള അണിയറക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ജോണ്‍സണ്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.
ജോണ്‍സണ്‍ എബ്രഹാമിന്‍റെ കത്ത്
undefined
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലിവിൽ റിലീസ് ചെയ്ത 'ചുരളി' എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വർഷവും ചൊരിയുന്നതാണ്. ഇത്തരം ഭാഷകൾ ഗുണ്ടാ സംസ്‍കാരത്തിന്‍റെ ഭാഗവും ധാർമ്മികതയ്ക്കും നമ്മുടെ നാട് പുലർത്തി വരുന്ന മഹത്തായ സംസ്‍കാരത്തിന് നിരക്കാത്തതുമാണ്. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത് അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘർഷത്തിനും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ വഴിതെളിക്കുന്നതിനുമാണ്.
ജോജു ജോർജ് മുഖ്യ കഥാപാത്രമായ സിനിമയുടെ കഥ വിനോയ് തോമസും തിരക്കഥ എസ്. ഹരീഷും ആണ് നിർവഹിച്ചിരിക്കുന്നത്. സമൂഹത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയും തങ്ങളുടെ പ്രവർത്തിയിൽ അപ്രകാരം സംഭവിക്കുമെന്ന് അറിവുള്ള സംവിധായകൻ, കഥാ, തിരക്കഥാകൃത്തുക്കള്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജ് എന്നിവർ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തിൽ അസഭ്യവർഷവും ഇതര കുറ്റകൃത്യങ്ങൾക്കാവശ്യമായവയും ചമച്ചിട്ടുള്ളതാണ്. ആയതിനാൽ നിർമ്മാതാവ്, കഥാ, തിരക്കഥാകൃത്തുക്കള്‍, സംവിധായകൻ, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജ് എന്നിവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത്, നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചുരുളി സിനിമയിലെ കേസിനാസ്പദമായ ചില വീഡിയോ ക്ലിപ്പുകളും ഇതിനോടൊപ്പം ചേർക്കുന്നു. വിശ്വസ്തതയോടെ, അഡ്വ: ജോൺസൺ എബ്രഹാം, കെപിസിസി നിർവാഹക സമിതി അംഗം.