വെട്രിമാരന്‍റെ അഭിപ്രായപ്രകടനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് കമലിന്‍റെ പ്രതികരണം
തമിഴ് സംസ്കാരം ചരിത്രപരമായി വളച്ചൊടിക്കപ്പെടുകയാണെന്നും അസ്തിത്വം അപഹരിക്കപ്പെടുകയാണെന്നുമുള്ള, സംവിധായകന്‍ വെട്രിമാരന്‍റെ അഭിപ്രായപ്രകടനത്തിന് പിന്തുണയുമായി കമല്‍ ഹാസന്‍. പൊന്നിയിന്‍ സെല്‍വന്‍ 1 കണ്ടതിനു ശേഷം ചിത്രത്തിലെ അഭിനേതാക്കളായ വിക്രത്തിനും കാര്‍ത്തിക്കുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കമല്‍.
തിരുവള്ളുവരുടെ ചിത്രത്തില്‍ കാവി പുതപ്പിക്കുമ്പോഴും രാജ രാജ ചോളനെ ഒരു ഹിന്ദു രാജാവാക്കുമ്പോഴും തമിഴരുടെ അസ്തിത്വം അപഹരിക്കപ്പെടുകയാണെന്ന് വെട്രിമാരന്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കമല്‍ ഹാസന്‍റെ പ്രതികരണം ഇങ്ങനെ- രാജ രാജ ചോളന്‍റെ കാലത്ത് ഹിന്ദു മതം എന്ന ആശയം ഉണ്ടായിരുന്നില്ല. തങ്ങളുടെ സൌകര്യാര്‍ഥം ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന വാക്കാണ് അത്. രാജ രാജ ചോളന്‍റെ കാലത്ത് വൈഷ്ണവം, ശൈവം, സമനം എന്നിങ്ങനെയുള്ള വിശ്വാസങ്ങളാണ് ഉണ്ടായിരുന്നത്. ഈ വിഭാഗക്കാരെയൊക്കെ എങ്ങനെ വേര്‍തിരിച്ച് പറയും എന്ന ആശയക്കുഴപ്പത്താല്‍ ബ്രിട്ടീഷുകാരാണ് നമ്മളെ ഹിന്ദുക്കള്‍ എന്ന് വിളിച്ചത്. തൂത്തുക്കുടി എന്ന സ്ഥലമാനം ട്യൂട്ടിക്കോറിന്‍ എന്ന് ആക്കിയതുപോലെയാണ് അത്, കമല്‍ ഹാസന്‍ പറഞ്ഞു.
അതെല്ലാം ചരിത്രമാണെന്നും ഇവിടെ അതെല്ലാം പറയേണ്ടതില്ലെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. കാരണം ഇവിടെ നമ്മള്‍ ഒരു ചരിത്ര സിനിമയുടെ വിജയം ആഘോഷിക്കുകയാണ്. ചരിത്രത്തില്‍ നമ്മള്‍ അതിശയോക്തി കലര്‍ത്തുകയോ വളച്ചൊടിക്കുകയോ ചെയ്യരുത്, കമല്‍ കൂട്ടിച്ചേര്‍ത്തു.
ഏതാനും ദിവസം മുന്‍പ് വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) എംപി തോല്‍ തിരുമണവാളന്‍റെ 60-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ വെട്രിമാരന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളാണ് നേരത്തെ ചര്‍ച്ചയായത്. സിനിമയില്‍ രാഷ്ട്രീയം ഉണ്ടാവേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച വെട്രിമാരന്‍ നിരവധി അസ്തിത്വങ്ങള്‍ സിനിമകളില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവയെ നമുക്ക് സംരക്ഷിച്ചേ തീരൂവെന്നും പറഞ്ഞു. തിരുമണവാളന്‍ തന്നിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും വെട്രിമാരന്‍ പറഞ്ഞിരുന്നു. "സമൂഹത്തെ ഒറ്റയ്ക്ക് മാറ്റിമറിക്കുന്ന നായകരുടെ കഥകള്‍ ഒഴിവാക്കൂ എന്ന് അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാ സംവിധായകരും ഒരേ തെറ്റ് ആവര്‍ത്തിക്കുകയാണ്. നേരെമറിച്ച് ഒരു പ്രസ്ഥാനത്തിന്‍റെ ശ്രമഫലമായി സമൂഹത്തില്‍ മാറ്റം ഉണ്ടാവുന്നുവെന്നാണ് കാണിക്കേണ്ടത്. അതാണ് കൂടുതല്‍ നല്ലത്", തിരുമണവാളന്‍ പറഞ്ഞതിനെക്കുറിച്ച് വെട്രിമാരന്‍ പറഞ്ഞു.