ജാനകി എന്ന കൗമാരപ്രായക്കാരിയുടേയും അവളുടെ കാമുകന്റെയും, അവന്റെ ആശാന്റെയും ജീവതത്തിലൂടെയാണ് 'ചോല'യുടെ കഥ പറയുന്നത്. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയില്ലാത്ത ജാനു എന്ന പെൺകുട്ടിയായി നിമിഷ സജയനും കാമുകനായി പുതുമുഖ താരം അഖിലും ആശാനെന്ന കഥാപാത്രമായി ജോജുവും ചിത്രത്തിലെത്തുന്നു.
വ്യത്യസ്തരായ മൂന്ന് കഥാപാത്രങ്ങൾ, ഒരു പകലും രാത്രിയും പിന്നിട്ട് ഇവർ നടത്തുന്ന യാത്ര, ആ യാത്രയിലുണ്ടാവുന്ന പ്രശ്നങ്ങൾ , നാടും നഗരവും കടന്ന് കാടിന്റെ വന്യതയിലേക്ക് എത്തുമ്പോൾ ചോര മണമുള്ള 'ചോല'യായി ചിത്രം ഒഴുകുകയാണ്. ശാന്തമായും തീവ്രമായും ഒഴുകുന്ന കാട്ടു ചോലയുടെ ഭാവങ്ങളെ മനുഷ്യന്റെ മൃഗീയ സ്വഭാവത്തോടെയാണ് സനൽ കുമാർ ശശിധരൻ 'ചോല'യിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
undefined
ജാനകി എന്ന കൗമാരപ്രായക്കാരിയുടേയും അവളുടെ കാമുകന്റെയും, അവന്റെ ആശാന്റെയും ജീവതത്തിലൂടെയാണ് 'ചോല'യുടെ കഥ പറയുന്നത്. അതിതീക്ഷണമായ ആഖ്യാനരീതി കൊണ്ടും പ്രമേയ അവതരണത്തിലെ കൈയ്യടക്കം കൊണ്ടും തന്റെ മുൻകാല ചിത്രങ്ങളുടെ പാതയിൽ തന്നെയാണ് 'ചോല'യും സനൽ കുമാർ ഒരുക്കിയിരിക്കുന്നത്.
സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയില്ലാത്ത ജാനു എന്ന പെൺകുട്ടിയായി നിമിഷ സജയനും കാമുകനായി പുതുമുഖ താരം അഖിലും ആശാനെന്ന കഥാപാത്രമായി ജോജുവും ചിത്രത്തിലെത്തുന്നു. അഖിൽ ഒരു ദിവസം തന്റെ കാമുകിയുമൊത്തു നഗരത്തിലേക്ക് പോവാൻ ആശാനുമായി തയാറെടുത്തു നിൽക്കുന്നിടത്തു നിന്നാണ് ചിത്രം തുടങ്ങുന്നത്. സ്ലോ പേസിൽ പറഞ്ഞു പോകുന്ന ചിത്രം പ്രധാന വിഷയത്തിലേക്ക് കടക്കുന്നതോടെ ഒരു ത്രില്ലിങ് സ്വഭാവം കൈവരിക്കുന്നുണ്ട്.
അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മികവ്. ജോസഫിലോ, പൊറിഞ്ചുവിലോ കണ്ട ജോജുവിനെ ചോലയിൽ കാണില്ല. അലസമായ ശരീരഭാഷയും പെരുമാറ്റവും കൊണ്ടും ഭീതിയും വെറുപ്പും ജനിപ്പിക്കുന്ന ആൺ അധികാരത്തിന്റെ ഭാവ പ്രകടനങ്ങളും കൊണ്ടും ആശാൻ എന്ന കഥാപാത്രമായി ജോജു എന്ന നടൻ ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നു. ജാനു എന്ന കഥാപാത്രം നിമിഷ സജയൻ എന്ന നടിയുടെ അഭിനയ മികവിനെ വീണ്ടും അടയാളപ്പെടുത്തുന്നു. തന്നെ ശാരീരികമായി ആക്രമിച്ച ആളോട് വിധേയപ്പെടുന്ന സ്ത്രീയുടെ ദയനീയാവസ്ഥ നൊമ്പരമായി പ്രേക്ഷകരിലേക്ക് പകരുന്നു നിമിഷ. പുതുമുഖ താരം അഖിലും മികച്ച പ്രകടനം കാഴ്ചവെച്ചു. മൂവരുടെയും പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ മുതൽകൂട്ട്.
മുഖ്യധാര ചിത്രങ്ങളുടെ വാർപ്പ് മാതൃകകളിൽ നിന്ന് മാറി സമാന്തര സിനിമകളിലൂടെ എന്നും പേരെടുത്തിട്ടുള്ള സനൽ കുമാർ ശശിധരൻ എന്ന സംവിധായകൻ വാണിജ്യ സിനിമകളുടെ മുഖ്യധാരയിലുള്ള ജോജു എന്ന താരത്തെ അഭിനയിപ്പിക്കുമ്പോഴും താൻ പറയുന്ന രാഷ്ട്രീയവും നിലപാടും വാണിജ്യസിനിമയുടെ ശ്രേണിയിലെത്തിക്കാൻ ശ്രമിച്ചിട്ടില്ല എന്നത് അഭിനന്ദനാർഹം തന്നെ.
നിലപാടിലൂന്നിയ കഥ പറച്ചിലും സംവിധായകന്റെ മുൻ കാല ചിത്രങ്ങളിലെ റിയലിസ്റ്റിക് ആമ്പിയൻസും 'ചോല'യിലും കാണുവാനാകും. ബേസിൽ സി ജെ ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ ഭാവവുമായി ഇണങ്ങി നിൽക്കുന്നു. തിരക്കഥയ്ക്കുമപ്പുറം ദ്യശ്യഭംഗിയിൽ കഥപറയുവാൻ ചിത്രത്തിനായത് അജിത് ആചാര്യയുടെ ഛായാഗ്രഹണ മികവാണ്. മഴയും മഞ്ഞും പച്ചപ്പും എല്ലാം മനോഹരമായി ഒപ്പിയെടുക്കാൻ അദ്ദേഹത്തിനായി. ദിലീപ് ദാസിന്റെ കലാസംവിധാനവും കൈയ്യടി അർഹിക്കുന്നു.
ആഘോഷ സിനിമകളുടെ ചേരുവകൾ ഇല്ലാതെ പ്രേക്ഷക മനസിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രമേയമാണ് ചോലയുടേത്. വന്യമായ മനുഷ്യ മനസ്സിനെ പച്ചയായി കാണിച്ചുകൊണ്ട് വിഷയത്തെ അതീവ തീവ്രതയോട് കൂടി ഒപ്പിയെടുക്കാനായി എന്നത് സംവിധായകന്റെ വിജയമാണ്.