ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
ഈസ്റ്റ് കോസ്റ്റ് വിജയന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്തിനി എന്ന ചിത്രം തിയറ്ററുകളിലേക്ക്. ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഈ മാസം 27 നാണ്. അമ്പരപ്പിക്കുന്ന ശബ്ദ വിന്യാസം കൊണ്ടും അതിമനോഹരമായ ഗാനങ്ങൾ കൊണ്ടും സമ്പന്നമാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്. വനത്തിൻ്റെ വന്യതയും സൗന്ദര്യവും നിറഞ്ഞ് നിൽക്കുന്ന പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞ് പോവുന്നത്.
ഒന്ന് ഉറക്കെ കരയാൻ പോലും ആവാതെ കൊടുംവനത്തിൻ്റെ ഇരുൾ മറയ്ക്കുള്ളിൽ ഒടുങ്ങി പോയ ഒരുവൾ. ആ ആത്മാവിൻ്റെ നീതിക്ക് വേണ്ടി
കാലം കരുതി വച്ച ചിലർ. ആരാണ് അവർ? ആരാണ് ചിത്തിനി? ഈ ചോദ്യങ്ങളും ഒരുപാട് നിഗൂഢതകളുമായി എത്തുന്ന ചിത്തിനി പ്രേക്ഷകരെ ഓരോ നിമിഷവും ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ഹൊററിനും ഇൻവെസ്റ്റിഗേഷനുമൊപ്പം അതിശക്തമായ പ്രണയവും കുടുംബ ബന്ധങ്ങളും പറയുന്ന സിനിമയുമാണ് ഇത്. മധുര മനോഹര ഗാനങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഈസ്റ്റ് കോസ്റ്റ് വിജയൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വർമ്മ, സുരേഷ് എന്നിവർ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. മധു ബാലകൃഷ്ണൻ, ഹരിശങ്ക , കപിൽ കപിലൻ, സന മൊയ്തൂട്ടി, സത്യ പ്രകാശ്, അനവദ്യ എന്നിവരാണ് ഗായകർ. യുട്യൂബിൽ ഹിറ്റ് ആയി മാറിയ
'ഇരുൾക്കാടിൻ്റെ മറയ്ക്കുള്ളിലെ' എന്നു തുടങ്ങുന്ന പ്രൊമോ വീഡിയോ സോംഗ് ആലപിച്ചിരിക്കുന്നത് നടിയും ഗായികയുമായ രമ്യ നമ്പീശൻ ആണ്. അമിത് ചക്കാലയ്ക്കൽ നായകനാവുന്ന ചിത്തിനിയിൽ വിനയ് ഫോർട്ടും പ്രധാന വേഷത്തിലുണ്ട്. കള്ളനും ഭഗവതിയും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ബംഗാളി താരം മോക്ഷയാണ് നായിക. ആരതി നായർ, ഏനാക്ഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധീഷ്, ജോണി ആൻ്റണി, ജോയ് മാത്യു, പ്രമോദ് വെളിയനാട്, മണികണ്ഠൻ ആചരി, ശ്രീകാന്ത് മുരളി, സുജിത്ത്, പൗളി വത്സൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.
കഥ കെ വി അനിൽ, തിരക്കഥ, സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ വി അനിൽ, ഛായാഗ്രഹണം രതീഷ് റാം, എഡിറ്റർ ജോൺ കുട്ടി, നൃത്തസംവിധാനം കല മാസ്റ്റർ. ജീ മാസ്റ്ററും രാജശേഖറും ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.