ചിത്രത്തിന്‍റെ ഒരു രണ്ടാം ഭാഗത്തിന്‍റെ ആലോചന അണിയറയില്‍ നടക്കുന്നതായി ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരണമുള്ളതാണ്
പല ജനപ്രിയ സിനിമകളുടെയും സീക്വലുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ എപ്പോഴും തുടരുന്ന ഒന്നാണ്. സുരേഷ് ഗോപിയുടേതായി അത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറുള്ള ചിത്രമാണ് ചിന്താമണി കൊലക്കേസ്. ചിത്രത്തിന്‍റെ ഒരു രണ്ടാം ഭാഗത്തിന്‍റെ ആലോചന അണിയറയില്‍ നടക്കുന്നതായി ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. ചിത്രത്തിന്‍റെ ഇടവേള വരെയുള്ള ഭാഗത്തിന്‍റെ എഴുത്ത് തിരക്കഥാകൃത്ത് എ കെ സാജന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പ്രോജക്റ്റ് ഉറപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുന്നത്. ഞങ്ങള്‍ മുന്നോട്ടാണ് എന്ന കുറിപ്പിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന്‍റെ ഒരു ആദ്യ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അഡ്വ. ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന കഥാപാത്രത്തെ സൂചിപ്പിച്ച് എല്‍കെ എന്ന് മാത്രമാണ് ചിത്രത്തിന്‍റെ ടൈറ്റിലായി പോസ്റ്ററില്‍ ഉള്ളത്. ലൈബ്രറിയില്‍ അടുത്തിവച്ചിരിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ മുഖം തെളിയുന്ന രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍. വലിയ പ്രതികരണമാണ് ഈ പ്രഖ്യാപനത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.
ALSO READ : ആക്ഷനില്‍ മിന്നിച്ച് മമ്മൂട്ടി; റിലീസിനു മുന്‍പ് പുത്തന്‍ ടീസറുമായി 'ക്രിസ്റ്റഫര്‍' ടീം
സുരേഷ് ഗോപിയുടെ കരിയറിലെ ശ്രദ്ധേയ ഹിറ്റുകളില്‍ ഒന്നായിരുന്നു ചിന്താമണി കൊലക്കേസ്. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 2006 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ ഏറെ വ്യത്യസ്തതയുള്ള ഒരു വക്കീല്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. എല്‍കെ എന്ന അഡ്വ. ലാല്‍കൃഷ്ണ വിരാടിയാരായി സുരേഷ് ഗോപി എത്തിയ ചിത്രത്തില്‍ ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. തന്‍റെ മറ്റൊരു ചിത്രത്തിന്‍റെ പൂജ ചടങ്ങില്‍ പങ്കെടുക്കവെ ചിന്താമണി കൊലക്കേസ് രണ്ടാംഭാഗത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത് ഇപ്രകാരമായിരുന്നു.. അതിന്‍റെ ഇന്‍റര്‍വെല്‍ വരെ വായിച്ചിട്ടുണ്ട്. ഞാന്‍ കേട്ടിട്ടില്ല. ഷാജി കേട്ടു. അതിന്‍റെ രണ്ടാം പകുതിയുടെ എഴുത്തിലാണ് സാജന്‍. അതും ഉടനെ ഉണ്ടാവുമെന്നാണ് വിചാരിക്കുന്നത്, സുരേഷ് ഗോപി പറഞ്ഞിരുന്നു.