ധർമ്മൂസ് ഫിഷ് ഹബിൽ പങ്കാളികളായ മറ്റ് 10 പേരാണ് മറ്റു പ്രതികൾ
കൊച്ചി : നടൻ ധർമജൻ ബോൾഗാട്ടിയ്ക്കെതിരെ (Dharmajan Bolgatty) വഞ്ചനാക്കുറ്റത്തിന് കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. ധർമജൻ മുഖ്യ ബിസിനസ് പങ്കാളിയായി മീൻ വിൽപനശാലയായ ധർമൂസ് ഫിഷ് ഹബിന്‍റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം ചെയ്‍ത് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. പലതവണ പണം തിരികെ ചോദിച്ചിട്ടും കിട്ടാതെ വന്നപ്പോൾ പരാതിക്കാരനായ കോതമംഗലം സ്വദേശി ആസിഫ് അലിയാർ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദേശപ്രകാരമാണ് നടപടി.
നടനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്ന ധർമജൻ ബോൾഗാട്ടിയാണ് കേസിലെ ഒന്നാം പ്രതി. ധർമ്മൂസ് ഫിഷ് ഹബിൽ പങ്കാളികളായ മറ്റ് 10 പേരാണ് മറ്റു പ്രതികൾ. മനപൂർവമായ വഞ്ചനാക്കുറ്റം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസിന്‍റെ നടപടി.
undefined
കേസിനാസ്പദമായ സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിത് ഇതാണ്. ധർമൂസ് ഫിഷ് ഹബ് എന്നാണ് പേരെങ്കിലും ബിസിനസ് പങ്കാളികളുമായി ചേർന്നാണ് ധർമജന്‍റെ മീൻ കച്ചവടം. സംസ്ഥാനത്ത് പലയിടത്തും ധർമൂസ് ഫിഷ് ഹബ് പ്രവർത്തിക്കുന്നുണ്ട്. പ്രാദേശികമായി പണം മുടക്കാൻ താത്പര്യമുളളവരെ കണ്ടെത്തി ഫ്രാഞ്ചൈസി നൽകുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് കോതമംഗലത്ത് ധർമൂസ് ഫിഷ് ഹബിന്‍റെ ഔട്‍ലെറ്റ് തുടങ്ങാൻ പരാതിക്കാരനായ ആസിഫ് അലിയാരെ തെരഞ്ഞെടുത്തത്. വിൽക്കാനുളള മീൻ ധർമ്മൂസിൽ നിന്ന് എത്തിക്കുമെന്നും വിൽക്കുന്നതിന് ഇത്ര ശതമാനം കമ്മീഷൻ എന്നുമായിരുന്നു കരാർ.
എന്നാൽ കട തുടങ്ങും മുന്‍പേതന്നെ ഒന്നാം പ്രതി ധർമജൻ അടക്കമുളള പ്രതികൾ പലപ്പോഴായി നാൽപത്തിമൂന്ന് ലക്ഷത്തിൽപ്പരം രൂപ വാങ്ങിയെടുത്തെന്നാണ് പരാതി. 2019 നവംബറിൽ ഔട്ലെറ്റില്‍ മീൻ കിട്ടുന്നുണ്ടായിരുന്നു. എന്നാൽ 2020 മാർച്ചിൽ അത് നിലച്ചു. ഇതോടെ പണം തിരികെച്ചോദിച്ചെങ്കിലും ധർമജൻ അടക്കമുളളവർ ഒഴിഞ്ഞുമാറിയെന്നാണ് പരാതി. ആസിഫ് അലിയാർക്ക് 43 ലക്ഷം രൂപ നഷ്ടം.
പണം കിട്ടാതെ വന്നതോടെ കോടതിയെ സമീപിച്ചു. ആരോപണത്തിൽ പ്രഥമദൃഷ്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട കോടതി അന്വേഷിക്കാൻ പൊലീസിനോട് നിർദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഐപി സി 420, 406, 34 വകുപ്പുകൾ പ്രകാരം ജാമ്യാമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. സാമ്പത്തിക വഞ്ചനയാണ് ധർമജൻ അടക്കമുളളവർക്കെതിരായ പ്രധാന കുറ്റം.
കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടേയുള്ളുവെന്നും അന്വേഷണം തുടങ്ങിയിട്ടില്ലെന്നും കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു. ധർമജൻ അടക്കമുളള പ്രതികളെ വിളിച്ചുവരുത്തി മൊഴിയെടുക്കും.
എന്നാൽ മുന്നാറിലുളള ധർമജൻ ഇതേക്കുറിച്ച് കാര്യമായി പ്രതികരിക്കാൻ തയാറായില്ല. താനാണ് വഞ്ചിക്കപ്പെട്ടത് എന്നാണ് ധർമജന്‍റെ നിലപാട്. താൻ നിരപരാധിയാണ്. ആരെയും വഞ്ചിച്ചിട്ടില്ല. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ഉത്തരവ് ചോദ്യം ചെയ്ത് ധർമജൻ കോടതിയെ സമീപിക്കുമെന്നാണ് വിവരം. പരാതിക്കാരന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാകും തുടർ നടപടികളിലേക്ക് കടക്കുക. പരാതിക്കാരനെ ചതിച്ച് അന്യായ ലാഭമുണ്ടാക്കണമെന്ന ദുരുദ്ദേശത്തോടെ പ്രതികള്‍ പ്രവർത്തിച്ചുവെന്നാണ് എഫ് ഐ ആറിൽ ഉളളത്.