തെലുങ്ക് വാരിയേഴ്സ് ആണ് സി 3 കേരള സ്ട്രൈക്കേഴ്സിന്‍റെ ആദ്യ എതിരാളികള്‍
സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിന് നാളെ ആരംഭം. ബംഗാള്‍ ടൈഗേഴ്സും കര്‍ണാടക ബുള്‍ഡോസേഴ്സും തമ്മിലാണ് ആദ്യ മത്സരം. അതേസമയം മലയാളി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന കേരളത്തിന്‍റെ മത്സരങ്ങള്‍ക്ക് 19, ഞായറാഴ്ച തുടക്കമാവും. ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ തെലുങ്ക് വാരിയേഴ്സ് ആണ് സി 3 കേരള സ്ട്രൈക്കേഴ്സ് എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ട കേരള ടീമിന്‍റെ എതിരാളികള്‍.
കര്‍ണാടക ബുള്‍ഡോസേഴ്സുമായാണ് കേരളത്തിന്റെ രണ്ടാമത്തെ കളി. ഫെബ്രുവരി 26 ന് രാജസ്ഥാനിലെ ജയ്പൂരിലാണ് മത്സരം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേതാണ് കേരളത്തിന്‍റെ ഏറ്റവും ശ്രദ്ധേയ മത്സരം. മാര്‍ച്ച് 5 ന് നടക്കുന്ന മത്സരത്തില്‍ ബോളിവുഡ് താരങ്ങളുടെ ടീം ആയ മുംബൈ ഹീറോസ് ആണ് എതിരാളികള്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സീസണ്‍ ആദ്യ പാദത്തിലെ കേരളത്തിന്‍റെ അവസാന മത്സരം. മാര്‍ച്ച് 11 ന് രാജസ്ഥാനിലെ ജോധ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ഭോജ്പുരി ദബാംഗ്സ് ആണ് എതിരാളികള്‍.
കുഞ്ചാക്കോ ബോബന്‍ ആണ് സി 3 കേരള സ്ട്രൈക്കേഴ്സിന്‍റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറും. മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന സിസിഎല്ലിലെ കേരള ടീമില്‍ ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരൊക്കെയുണ്ട്. ദീപ്തി സതി, പ്രയാഗ മാർട്ടിൻ എന്നിവരാണ് ടീമിന്‍റെ വനിതാ അംബാസിഡര്‍മാര്‍.
മലയാള ചലച്ചിത്ര താരങ്ങളുടെ ക്ലബ്ബ് ആയ സി3യുമായി ഒരുമിച്ചുകൊണ്ടാണ് സി3 കേരള സ്ട്രൈക്കേഴ്സ് എന്ന പേരില്‍ ഇക്കുറി ടീം എത്തുന്നത്. 2014, 2017 വർഷങ്ങളിൽ റണ്ണേഴ്സ് അപ്പ് ആയ കേരള സ്ട്രൈക്കേഴ്സ് ടീം ഇക്കുറിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മോഹൻലാൽ, മുൻകാല തെന്നിന്ത്യൻ ചലച്ചിത്ര താരം രാജ്കുമാർ സേതുപതി, നടിയും സംവിധായികയുമായ ശ്രീപ്രിയ സേതുപതി, നാഗാർജുൻ സേതുപതി, പി എം ഷാജി, ജയ്സൺ, മിബു ജോസ് നെറ്റിക്കാടൻ എന്നിവരാണ് കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ സഹ ഉടമകൾ.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി തുടങ്ങി വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകർ അണിനിരക്കുന്ന ടീമുകളാണ് സി സി എല്ലിൽ മാറ്റുരയ്ക്കുന്നത്. ആകെ 19 മത്സരങ്ങളാണ് ഇത്തവണ ടൂര്‍ണമെന്‍റില്‍ ഉണ്ടാവുക. മാർച്ച് 19ന് ഹൈദരാബാദിലാണ് ഫൈനൽ മത്സരം. എല്ലാ മത്സരങ്ങളും വാരാന്ത്യങ്ങളിലായിരിക്കും. പാർലെ ബിസ്ക്കറ്റ് ആണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഇപ്രാവശ്യത്തെ ടൈറ്റിൽ സ്പോൺസർ.
ഇത്തവണത്തെ പുതിയ മത്സര ഘടന
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ 2023 എഡിഷൻ ഒരു പുതിയ മത്സരഘടനയുമായാണ് എത്തുന്നത്. ആരാധകർക്കും കാണികൾക്കും കൂടുതൽ ആവേശവും ആനന്ദവും പകരുന്ന തരത്തിലാണ് പുതിയ മത്സരഘടന വിഭാവനം ചെയ്തിരിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളുടെയും ട്വന്റി 20 മത്സരങ്ങളുടെയും ഒരു സംയോജിത രൂപമാണ് പുതിയ ഘടനയിൽ ഉള്ളത്. അതനുസരിച്ച് ആദ്യം ഇരു ടീമുകളും 10 ഓവർ വീതം ബാറ്റ് ചെയ്യും. തുടർന്ന് ആദ്യം ബാറ്റ് ചെയ്ത ടീം വീണ്ടും 10 ഓവർ ബാറ്റ് ചെയ്യും. പിന്നീട് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ അടുത്ത ടീമിന് വീണ്ടും ബാറ്റിംഗ് അനുവദിക്കുകയും ചെയ്യുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന ടീമുകൾക്ക് തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ അവസരം ലഭിക്കും എന്നതാണ് പുതിയ ഘടനയുടെ പ്രധാന സവിശേഷത. അതോടൊപ്പം കാണികൾക്കും ആരാധകർക്കും ത്രസിപ്പിക്കുന്ന ഒരു മത്സരം വീക്ഷിക്കുവാൻ അവസരം ലഭിക്കും എന്നതും പുതിയ മത്സര രീതിയെ ആകർഷകമാക്കുന്നു.