സ്പൈഡര്‍മാന്‍ നോ വേ ഹോം ആണ് ലിസ്റ്റില്‍ രണ്ടാമത്
ഒടിടി റിലീസില്‍ മികച്ച കാഴ്ച നേടി മമ്മൂട്ടി (Mammootty) ചിത്രം സിബിഐ 5 (CBI 5). ഈ മാസം 12ന് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് (Netflix) ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ടോപ്പ് 10 മൂവി ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ചിത്രം. നെറ്റ്ഫ്ലിക്സില്‍ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ കാണാനാവും. സ്പൈഡര്‍മാന്‍ നോ വേ ഹോം ആണ് ലിസ്റ്റില്‍ രണ്ടാമത്. ശിവകാര്‍ത്തികേയന്‍റെ ഡോണ്‍ മൂന്നാമതും രാജമൗലിയുടെ ആര്‍ആര്‍ആര്‍ നാലാമതുമാണ്. ലിസ്റ്റില്‍ പത്താം സ്ഥാനത്തും ഒരു മലയാള ചിത്രമാണ്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡിജോ ജോസ് ആന്റണി ചിത്രം ജന ഗണ മനയാണ് അത്.
മലയാള സിനിമ ഈ വര്‍ഷം കാത്തിരുന്ന പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ (CBI 5). വന്‍ പ്രീ- റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിനു ശേഷം സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബോധപൂര്‍വ്വം നെഗറ്റീവ് പ്രചരണം നടന്നുവെന്നായിരുന്നു ഇതിനെക്കുറിച്ച് സംവിധായകന്‍ കെ മധുവിന്‍റെ പ്രതികരണം. ചിത്രം വിജയം നേടിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ആദ്യ 9 ദിനങ്ങളില്‍ നിന്ന് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. അതേസമയം ഒടിടി റിലീസിനു ശേഷം ചിത്രത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളില്‍ ഒട്ടനവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. വിക്രമായി ജഗതി ശ്രീകുമാറിനെ സ്ക്രീനില്‍ വീണ്ടും അവതരിപ്പിച്ചത് തിയറ്ററുകളില്‍ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
ALSO READ : ഉണ്ണി മുകുന്ദന്‍റെ അച്ഛനും സിനിമയില്‍, സന്തോഷം പങ്കുവെച്ച് താരം