ചിത്രത്തിന്‍റെ റിലീസ് തീയതിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍
വരാനിരിക്കുന്ന മലയാള ചിത്രങ്ങളില്‍ പ്രേക്ഷകരുടെ കാത്തിരിപ്പിന്‍റെ മുന്‍നിരയിലുള്ള ചിത്രമാണ് സിബിഐ 5 (CBI 5). എസ് എൻ സ്വാമി, കെ മധു, മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തിയ ജനപ്രിയ ഫ്രാഞ്ചൈസിയിലെ അഞ്ചാം ചിത്രം. 17 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയുടെ സേതുരാമയ്യര്‍ വീണ്ടുമെത്തുമ്പോള്‍ ആ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള പല കാര്യങ്ങളും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചിത്രത്തിന്‍റെ അവിസ്‍മരണീയമായ തീം മ്യൂസിക്. മുതിര്‍ന്ന സംഗീത സംവിധായകന്‍ ശ്യാം ഈണമിട്ട തീം മ്യൂസിക്കിന് അഞ്ചാം ഭാഗത്തില്‍ പുതുരൂപം നല്‍കിയിരിക്കുന്നത് പുതുതലമുറയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ ജേക്സ് ബിജോയ് ആണ്. ശ്യാമിനെ കണ്ട് അനുഗ്രഹം വാങ്ങിയതിനു ശേഷമാണ് താന്‍ ചിത്രത്തിന്‍റെ ജോലികളിലേക്ക് കടന്നതെന്ന് ജേക്സ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അന്ന് അദ്ദേഹത്തെ കണ്ടപ്പോഴത്തെ അനുഭവം സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചിരിക്കുകയാണ് ജേക്സ് ബിജോയ്.
"സിബിഐ 5 ടീസര്‍ നല്ല രീതിയിലാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. നിങ്ങളുടെയൊക്കെ നല്ല വാക്കുകള്‍ക്ക് നന്ദി. ഈ ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുന്നതിനു മുന്‍പ് പ്രിയപ്പെട്ട ശ്യാം സാറിനൊപ്പം ഞാന്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ഉപദേശിച്ചു. 'ജീവിതാവസാനം വരെ നിങ്ങളുടെ സംഗീതത്തോട് സത്യസന്ധത പുലര്‍ത്തുക, കരിയറില്‍ ഒപ്പം ജോലി ചെയ്‍ത ഓരോരുത്തരോടും നന്ദിയുള്ളവനായിരിക്കുക'. ലഭിക്കുന്ന കൈയടികളുടെയൊന്നും ക്രെഡിറ്റ് ഞാന്‍ എടുക്കുന്നില്ല. ശ്യാം സാറിന്‍റെ ഒരു ഗംഭീര സൃഷ്‍ടിയെ മുന്‍നിര്‍ത്തി ജോലി ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിക്കുകയാണ് ഉണ്ടായത്", ശ്യാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ജേക്സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
undefined
മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നത്. മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. 1988ലാണ് മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. അതേസമയം ചിത്രത്തിന്‍റെ റിലീസ് തീയതിക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.