പ്രീമിയറിനിടെ ഒരു യുവതി മരിച്ചിരുന്നു.
ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ മാനേജ്‌മെന്റിനും എതിരെയാണ് കേസ്. ദുരന്തത്തിൽ രേവതി എന്ന യുവതി മരിച്ചിരുന്നു. രേവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ചിക്കട്പള്ളി പൊലീസ് കേസെടുത്തത്.
അല്ലു അർജുൻ തീയറ്ററിൽ എത്തുമെന്ന് തീയറ്റർ മാനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നു. എന്നിട്ടും ആ വിവരം പൊലീസിനെ അറിയിച്ചത് അവസാനനിമിഷമാണെന്നും പൊലീസ് ആരോപിച്ചു. അല്ലു അർജുന്റെ സെക്യൂരിറ്റി ടീം സ്ഥലത്ത് വൻതോതിൽ ഉന്തും തള്ളും ഉണ്ടാക്കിയെന്ന് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞു.
9.30-യ്ക്ക് ആർടിസി ക്രോസ് റോഡിലേക്ക് അല്ലു അർജുന്റെ വാഹനം എത്തിയപ്പോൾ ആളുകൾ വലിയ രീതിയിൽ തടിച്ചു കൂടിയത്. അവിടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തു. ഇത് സാഹചര്യം വഷളാക്കി എന്നും പോലീസ് പറഞ്ഞു. കേസില്‍ അല്ലു അർജുനെയും പ്രതി ചേർക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, മരിച്ച രേവതിയുടെ ഒന്‍പത് വയസായ മകന്‍ ശ്രീ തേജ് ഇപ്പോഴും ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് രാവിലെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് അതിദാരുണമായ സംഭവം നടന്നത്. അല്ലുവിനെ കാണാന്‍ തടിച്ചുകൂടിയവരുടെ തിക്കിലും തിരക്കിലും പെട്ട് രേവതി വീണ് പോവുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി രേവതിയ്ക്ക് സിപിആർ നൽകിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനിയാണ് 39കാരിയായ രേവതി. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പമായിരുന്നു അവര്‍ തിയറ്ററില്‍ എത്തിയത്. അതേസമയം, ബെംഗളൂരുവിൽ നാളെ രാവിലെ നാല് മണിക്ക് പുഷ്പ 2 റിലീസ് ചെയ്യില്ല.
'ഏറ്റവും വലിയ പടം, ഹോളിവുഡ് ലെവലാണ്'; ചില്ലറക്കളിക്കല്ല എമ്പുരാൻ വരുന്നത്, സൂചനകളുമായി ഇന്ദ്രജിത്ത്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം