
ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ നടി വാണി കപൂറും പാകിസ്ഥാൻ നടൻ ഫവാദ് ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്ന അബീർ ഗുലാൽ എന്ന ചിത്രത്തിനെതിരായ ബഹിഷ്കരണ ആഹ്വാനം ശക്തമാകുന്നു. ചിത്രവും അതിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ബഹിഷ്‌കരിക്കണമെന്നാണ് വ്യാപകമായ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനങ്ങൾ ഉയരുന്നത്. 26 വിനോദസഞ്ചാരികളുടെ ജീവൻ അപഹരിച്ച ഹീനമായ ആക്രമണം രാജ്യത്ത് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
ആരതി എസ് ബാഗ്ദി സംവിധാനം ചെയ്യുന്ന അബിർ ഗുലാൽ മെയ് 9 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഒരു ഇന്ത്യന്‍ പാക് പ്രണയകഥയാണ് ഈ റൊമാന്റിക് ഡ്രാമയില്‍ പറയുന്നത് എന്നാണ് സൂചന. പ്രഖ്യാപനം മുതൽ ഈ ചിത്രം വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. നയതന്ത്ര ബന്ധങ്ങൾ വഷളാകുകയും അതിർത്തിയിലെ സംഘർഷങ്ങൾ വർദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരനായ ഫവാദ് ഖാന്റെ കാസ്റ്റിംഗ് ചിത്രത്തിനെതിരായ സൈബര്‍ രോഷം ഇരട്ടിപ്പിക്കുകയാണ്.
ദാരുണമായ പഹൽഗാം സംഭവം പൊതുജനങ്ങളുടെ രോഷം വീണ്ടും ആളിക്കത്തിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയില്‍. പാകിസ്ഥാൻ നടനുമായി സഹകരിക്കാനുള്ള ഇന്ത്യൻ ചലച്ചിത്ര രംഗത്തെ തീരുമാനത്തെ പല നെറ്റിസണ്‍സും ചോദ്യം ചെയ്യുന്നു. ചിത്രം റിലീസ് ഷെഡ്യൂളിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യവും ശക്തമാണ്.
അതേ സമയം ഫവാദ് ഖാന്‍ അഭിനയിച്ച ബോളിവുഡ് പടത്തിന് മുന്‍പും സമാനമായ പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ട്. 2016-ൽ കരൺ ജോഹറിന്റെ 'ഏ ദിൽ ഹേ മുഷ്കിൽ' എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു അന്ന് വിവാദം. ഈ സിനിമയിൽ ഫവാദ് ഖാനും അഭിനയിച്ചിരുന്നു. 2016 സെപ്റ്റംബർ 18 ഉറിയിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ആ ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന്‍റെ ഫലമായി ഇന്ത്യൻ വിനോദങ്ങളിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് അനൗപചാരിക വിലക്ക് ഏർപ്പെടുത്തിയിരുന്നു കുറേക്കാലം.
കഴിഞ്ഞ വര്‍ഷം ബോംബൈ ഹൈക്കോടതി പാക് കലകാരന്മാരെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കണം എന്ന ഹര്‍ജി തള്ളിയിരുന്നു. പിന്നാലെ വീണ്ടും പാക് നടന്മാരും ഗായകരും ബോളിവുഡില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു. ഇതിനെതിരെയാണ് പഹൽഗാം ആക്രമണത്തിന് പിന്നാലെ പ്രതിഷേധം ഉയരുന്നത്.
അതേ സമയം ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാൻ കേന്ദ്രം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി.
പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
'ഷൈനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല, പ്രശ്നമുണ്ടായാൽ അപ്പോൾ പ്രതികരിക്കണം': പ്രിയങ്ക അനൂപ്
ഖത്തറില്‍ അവധിക്കാല വസതി വാങ്ങി സെയ്‍ഫ് അലി ഖാന്‍; സുരക്ഷിതത്വം തോന്നുന്നുവെന്ന് താരം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ