'ബോ​ഗയ്ന്‍വില്ല' ആവുന്നത് 'റൂത്തിന്‍റെ ലോക'മോ? പ്രേക്ഷകരുടെ സംശയത്തിന് മറുപടിയുമായി രചയിതാവ്

By Web Team  |  First Published Jun 10, 2024, 10:44 AM IST

ക്രൈം ത്രില്ലര്‍, മിസ്റ്ററി നോവലുകളിലൂടെ വലിയ വായനാവൃന്ദത്തെ നേടിയ എഴുത്തുകാരനാണ് ലാജോ ജോസ്


യുവതലമുറ സിനിമാപ്രേമികളില്‍ വലിയ ഫാന്‍ ഫോളോവിം​ഗ് നേടിയിട്ടുള്ള സംവിധായകനാണ് അമല്‍ നീരദ്. ബി​ഗ് ബിക്ക് ശേഷം ഭീഷ്‍മ പര്‍വ്വം വരെയുള്ള അമലിന്‍റെ ചിത്രങ്ങള്‍ പ്രീ റിലീസ് ഹൈപ്പും നേടിയിട്ടുണ്ട്. കൃത്യമായി പ്ലാന്‍ ചെയ്ത് മാത്രം പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പുറത്തുവിടാറുള്ള സംവിധായകനുമാണ് അദ്ദേഹം. ഭീഷ്മ പര്‍വ്വത്തിന് ശേഷമുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദും അഭിനയിക്കുന്നുവെന്നല്ലാതെ ചിത്രത്തിന്‍റെ പേര് പോലും പ്രേക്ഷകര്‍ അറിഞ്ഞത് അദ്ദേഹം പോസ്റ്റര്‍ അവതരിപ്പിച്ചപ്പോള്‍ മാത്രമാണ്. 

ക്രൈം ത്രില്ലര്‍, മിസ്റ്ററി നോവലുകളിലൂടെ വലിയ വായനാവൃന്ദത്തെ നേടിയ യുവ എഴുത്തുകാരന്‍ ലാജോ ജോസ് ആണ് ബോ​ഗയ്ന്‍വില്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സഹരചന. ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ലാജോ ജോസ് എഴുതിയ റൂത്തിന്‍റെ ലോകം എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ബോ​ഗയ്ന്‍വില്ല എന്ന വിലയിരുത്തല്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ ആ സംശയം ദുരീകരിച്ചിരിക്കുകയാണ് രചയിതാവ്.

Latest Videos

undefined

 

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവച്ചതിന് താഴെ ലാജോ ജോസിനോടുതന്നെ ഇത് റൂത്തിന്‍റെ ലോകമാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അല്ലെന്നും പുതിയ കഥയാണെന്നുമാണ് അദ്ദേഹത്തിന്‍റെ മറുപടി. ലാജോ ജോസ് വായനക്കാരെയും ഇത് ആവേശഭരിതരാക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി, ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സം​ഗീതം പകരുന്നത് സുഷിന്‍ ശ്യാമും ഛായാ​ഗ്രഹണം ആനന്ദ് സി ചന്ദ്രനും എഡിറ്റിം​ഗ് വിവേക് ഹര്‍ഷനും നിര്‍വ്വഹിക്കുന്നു. 

അതേസമയം റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍ നോവലാണ് റൂത്തിന്‍റെ ലോകം.

ALSO READ : അടുത്തയാഴ്ച ഈ സമയം ടൈറ്റില്‍ വിജയി; ഈ ആറ് മത്സരാര്‍ഥികളില്‍ ഒരാള്‍! ബിഗ് ബോസ് 'ഫൈനല്‍ 6' പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!