ബോളിവുഡ് താരം നേഹ ശര്‍മ്മ ബിഹാറില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചേക്കും; പാര്‍ട്ടി ഇതാണ്

By Web Team  |  First Published Mar 24, 2024, 2:04 PM IST

നേഹയുടെ പിതാവും കോൺഗ്രസ് നേതാവുമായ അജയ് ശർമ്മ ഇത് സംബന്ധിച്ച സൂചന നല്‍കിയെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.


പാറ്റ്ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് നടി നേഹ ശർമ്മ മത്സരിച്ചേക്കുമെന്ന് സൂചന. നേഹയുടെ പിതാവും കോൺഗ്രസ് നേതാവുമായ അജയ് ശർമ്മ ഇത് സംബന്ധിച്ച സൂചന നല്‍കിയെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ബിഹാറിലെ ഭഗൽപൂരിനെ പ്രതിനിധീകരിക്കുന്ന എംഎൽഎ കൂടിയായ അജയ് ശർമ്മ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുന്നണിയിലെ സീറ്റ് പങ്കിടലില്‍ കോൺഗ്രസ് ഭഗൽപൂര്‍ സീറ്റ് ഉറപ്പാക്കണമെന്നും അവിടെ മകളെ മത്സരിപ്പിക്കണം എന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത് .

"കോണ്‍ഗ്രസ് തീര്‍ച്ചയായും  ഭഗൽപൂര്‍ സീറ്റ് എടുക്കണം. ഇവിടെ നമ്മള്‍ നല്ല പോരാട്ടം നടത്തി തന്നെ ജയിക്കും. കോണ്‍ഗ്രസിന് സീറ്റ് കിട്ടിയാല്‍ എന്‍റെ മകള്‍ നേഹ ശര്‍മ്മ ഇവിടെ മത്സരിക്കണം എന്നാണ് എന്‍റെ ആഗ്രഹം. ഞാന്‍ ഇവിടെ എംഎല്‍എയാണ് എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഞാനും മത്സരത്തിന് ഇറങ്ങാന്‍ തയ്യാറാണ്" അജയ് ശര്‍മ്മ പറഞ്ഞു. 

Latest Videos

ഇമ്രാൻ ഹാഷ്മിക്കൊപ്പം 'ക്രൂക്ക്' എന്ന ചിത്രത്തിലൂടെയാണ് നേഹ ബോളിവുഡില്‍ എത്തിയത്. 'തൻഹാജി: ദി അൺസങ് വാരിയർ', 'യംല പഗ്ല ദീവാന 2', 'തും ബിൻ 2', 'മുബാറകൻ' തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്ന നേഹ ശർമ്മ സോഷ്യൽ മീഡിയയിൽ വലിയൊരു ഇന്‍ഫ്ലുവെന്‍സറാണ്.  21 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് 36കാരിയായ ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്. 

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെയാണ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതിനൊപ്പം ഏഴ് ഘട്ടങ്ങളിലായി നടക്കും. ഉത്തര്‍ പ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ബിഹാറിലെ 40 മണ്ഡലങ്ങളില്‍ ഏഴുഘട്ടത്തിലും തെരഞ്ഞെടുപ്പ് നടക്കും. എന്‍ഡിഎയും ഇന്ത്യ മുന്നണിയും നേരിട്ട് മത്സരം നടക്കുന്ന സംസ്ഥാനമാണ് ബിഹാര്‍.

ആദ്യം റിലീസ് ചെയ്യുന്ന പടം വിജയിക്കട്ടെ; എന്നിട്ട് നോക്കാം 150 കോടിയുടെ പടം, ടൈഗറിന് നിര്‍മ്മാതാവിന്‍റെ ചെക്ക്

20-25 ദിവസമെടുത്തു ആദ്യ ഡേറ്റിംഗിന്: തമന്നയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് വിജയ് വര്‍മ്മ
 

click me!