2022ന്റെ അർധ വാർഷിക കണക്കെടുക്കുമ്പോൾ ബോളിവുഡിൽ കാര്യങ്ങൾ ഒട്ടും ശുഭമല്ല.
കഷ്ടകാലത്തിൻ്റെ റീലുകളിലോടുകയാണ് ബോളിവുഡ്(Bollywood movies). കൊട്ടിഘോഷിച്ച് കോടികൾ മുടക്കിയ സൂപ്പർതാര ചിത്രങ്ങൾ ഒന്നൊന്നായി കാലിടറി വീഴുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ അമ്പരപ്പിലാണ് ഹിന്ദി സിനിമാലോകം. ഹിന്ദിപ്പടം പൊളിയുന്നത് മാത്രമല്ല പ്രശ്നം. മുൻപെങ്ങും ഇല്ലാത്ത വിധം തെന്നിന്ത്യൻ സിനിമകളുടെ വെല്ലുവിളി കൂടി ശക്തമാകുമ്പോൾ സ്ഥിതി അതിരൂക്ഷം.
2022ന്റെ അർധ വാർഷിക കണക്കെടുക്കുമ്പോൾ ബോളിവുഡിൽ കാര്യങ്ങൾ ഒട്ടും ശുഭമല്ല. കൊവിഡ് പ്രതിസന്ധി നീങ്ങി തീയറ്ററുകൾ സജീവമായെങ്കിലും കഴിഞ്ഞ ഏഴ് മാസത്തിനിടെ ബോക്സ് ഓഫീസിൽ ഒരു വിധം നേട്ടമുണ്ടാക്കിയ ചിത്രങ്ങൾ രണ്ടോ മൂന്നോ മാത്രം. ജനുവരിക്കും ജൂലൈക്കും ഇടയിൽ സൂപ്പർതാരങ്ങളുടെ അടക്കം അൻപതോളം റിലീസുകൾ. എന്നാൽ കളക്ഷന്റെ കാര്യത്തിൽ എല്ലാവരെയും ഞെട്ടിച്ചത് താരതമ്യേന താരമൂല്യം കുറഞ്ഞ ചിത്രങ്ങൾ. ഈ വർഷം ബോളിവുഡിൽ ഏറ്റവും പണം വാരിയത് വിവേക് അഗ്നിഹോത്രിയുടെ 'ദ കശ്മീർ ഫയൽസ്'. ചിത്രം നേടിയത് 340 കോടിയോളം രൂപയാണ്.
270 കോടിക്കടുത്ത് നേടിയ കാർത്തിക് ആര്യൻ ചിത്രം 'ഭൂൽ ഭുലയ്യ 2' ആണ് രണ്ടാം സ്ഥാനത്ത്. ആലിയ ഭട്ടിന്റെ 'ഗംഗുഭായ് കത്തിയവാഡി'യും 200 കോടി ക്ലബിൽ ഒരുവിധം കടന്നുകയറി. സാമ്രാട്ട് പൃഥ്വിരാജ്, ബച്ചൻ പാണ്ഡെ, ധാക്കഡ്, ഗെഹരായിയാം, ജഴ്സി, ജയേഷ് ഭായ് ജോർദാർ തുടങ്ങി ഏറ്റവും ഒടുവിൽ രൺബീർ കപൂറിന്റെ ഷംഷേര വരെ പാടെ തകർന്നു.
നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം തീയറ്ററുകളിലെത്തിയ രൺബീർ ചിത്രമായിരുന്നു ഷംഷേര. കരൺ മൽഹോത്ര ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണത്തിനും പ്രചാരണത്തിനുമായി നിർമ്മാതാക്കളായ യഷ് രാജ് ഫിലിംസ് ചെലവിട്ടത് കോടികൾ. ബാഹുബലിയടക്കമുള്ള തെന്നിന്ത്യൻ ബിഗ് സിനിമകൾക്കുള്ള ബോളിവുഡ് ബദൽ എന്ന് വരെ പറഞ്ഞായിരുന്നു പ്രചാരണം. എന്നാൽ റിലീസിന്റെ ആദ്യ ആഴ്ചയിൽ തന്നെ ബോക്സ് ഓഫീസ് ദുരന്തമായി മാറി ചിത്രം. 7 ദിവസം കൊണ്ട് നേടിയത് 40 കോടി മാത്രം. 70 കോടി വരെ പ്രതിഫലം വാങ്ങുന്ന രൺബീറിന്റെ സിനിമ, 100 കോടി ക്ലബിന്റെ അയലത്ത് പോലും എത്തില്ലെന്ന് ഉറപ്പിച്ചുകഴിഞ്ഞു.
അതേസമയം, പുഷ്പയും കെജിഎഫ് 2 ഉം ആർആർആറും വിക്രമും അടക്കമുള്ള പ്രാദേശിക ഭാഷാചിത്രങ്ങൾ ഹിന്ദി ബെൽറ്റിലുണ്ടാക്കിയ ചലനങ്ങളും ബോളിവുഡ് ആചാര്യന്മാരുടെ ഉറക്കം കെടുത്തുന്നു. മേക്കിംഗിലും ഉള്ളടക്കത്തിലും പാൻ ഇന്ത്യൻ നിലവാരത്തിലേക്ക് ഉയർന്നുകഴിഞ്ഞ തെന്നിന്ത്യൻ സിനിമ നടത്തുന്നത് അദ്ഭുതകരമായ തേരോട്ടം. മുൻപ് തെക്ക് നിന്ന് രജനീകാന്ത് ചിത്രങ്ങൾ മാത്രമാണ് ബോളിവുഡ് ആസ്വാദകരെ ആകർഷിച്ചിരുന്നതെങ്കിൽ ഇന്ന് കഥ മാറി. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ പോലും പുഷ്പയും ബാഹുബലിയുമെല്ലാം പരിചിത പേരുകളായി. മലയാളത്തിന്റെ മുന്നേറ്റവും എടുത്തുപറയണം. ഗ്രേറ്റ് ഇന്ത്യൻ കിച്ചണും ചുരുളിയും മാലിക്കുമെല്ലാം ഒടിടിയിലൂടെ ഭാഷയുടെ അതിരുകൾ ഭേദിച്ചു.
തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിറ്റായ ചിത്രങ്ങൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതും, വിജയ് ദേവരകൊണ്ട, നയൻതാര അടക്കമുള്ളവർക്ക് ബോളിവുഡ് അരങ്ങേറ്റത്തിന് വേദി ഒരുങ്ങുന്നതുമെല്ലാം, തെന്നിന്ത്യൻ ആധിപത്യം ഒന്ന് കൂടി ഉറപ്പിക്കുന്നു. വൈകിയെങ്കിലും അടിയന്തിരമായി തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹിന്ദി സിനിമാവ്യവസായം പൂർണ തകർച്ച നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകുകയാണ് വിദഗ്ധർ.
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവും മറുവശത്ത് ശക്തമാകുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരം അക്ഷയ് കുമാർ ആണെന്നാണ് റിപ്പോർട്ട്. പുറത്തിറങ്ങാനിരിക്കുന്ന സിൻഡ്രല്ല എന്ന ചിത്രത്തിനായി താരം വാങ്ങിയത് 130 കോടി ആണെന്നാണ് വാർത്ത. ചെറിയ ബജറ്റ് സിനിമകളാണെങ്കിൽ ലാഭത്തിന്റെ ഒരു വിഹിതം കൈപ്പറ്റുന്നതാണ് അക്ഷയുടെ രീതി. യുവതാരങ്ങളിൽ ശ്രദ്ധേയനായ രൺവീർ സിംഗ് വാങ്ങുന്നത് 50 കോടിയോളം. സൽമാൻ, ഷാരൂഖ്, ആമിർ തുടങ്ങിയവരെല്ലാം 100 കോടിയും അതിന് മേലെയും പ്രതിഫലം പറ്റുന്നവർ. സമീപകാലത്തെ പരാജയങ്ങൾ കണക്കിലെടുക്കുന്പോൾ പോക്കറ്റിലെത്തുന്ന പണത്തിനോട് താരങ്ങൾ എത്രത്തോളം നീതി പുലർത്തുന്നുണ്ടെന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്. സമ്രാട്ട് പ്രിഥിരാജിനായി മീശ വളർത്താൻ പോലും അക്ഷയ് തയ്യാറായില്ലെന്ന വിമർശനമുണ്ട്. അക്കിയുടെ കൃത്രിമ മീശയടക്കം വിമർശകർ എടുത്തുകാണിക്കുന്നു.
തെലുങ്ക് സിനിമയിൽ ഇപ്പോൾ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. കൊവിഡ് പ്രതിസന്ധിയും വരുമാനനഷ്ടവും മറികടക്കാൻ പുതിയ മാർഗങ്ങൾ ഉരുത്തിരിയും വരെയും പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങേണ്ടെന്നാണ് തീരുമാനം. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതടക്കം ചെലവ് കുറയ്ക്കാനുള്ള എല്ലാ വഴികളും തല പുകഞ്ഞ് ആലോചിക്കുകയായണ് ടോളിവുഡ്. സമാന മാതൃകയിൽ ബോളിവുഡും ചിന്തിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ഖാൻമാരും കപൂർമാരും കുമാർമാരും കൊണ്ട് മാത്രം കാര്യമില്ലെന്നും, പ്രമേയത്തിലും ഉള്ളടക്കത്തിലും അവതരണത്തിലും പൊളിച്ചെഴുത്ത് വേണമെന്നും ഉള്ള ഓർമ്മപ്പെടുത്തലാണ് നിരൂപകർ നൽകുന്നത്.
ബോളിവുഡ് ബോക്സ് ഓഫീസില്‍ ആശ്വാസജയം? 'ഏക് വില്ലന്‍ റിട്ടേണ്‍സ്' നാല് ദിനങ്ങളില്‍ നേടിയത്