കണ്ണിന് കാഴ്ചയില്ലാത്ത ശ്രീജ പരസഹായം ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
പതിറ്റാണ്ടുകളായി മലയാള സിനിമാസ്വാദകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. എന്നും തന്നിലെ നടനെ സ്വയം പുതുക്കി കൊണ്ടിരിക്കുന്ന അദ്ദേഹം സഹജീവികളായ മനുഷ്യർക്ക് നൽകുന്ന സഹായം വളരെ വലുതാണ്. ഇവയിൽ പലതും പുറത്തുവന്നിട്ടുണ്ട് പലതും പുറംലോകം അറിയാതെ ഇരുന്നിട്ടുമുണ്ട്. അത്തരത്തിൽ മമ്മൂട്ടിയുടെ സഹായഹസ്തങ്ങൾ ഏറ്റുവാങ്ങിയ ആളാണ് ശ്രീജ. കണ്ണിന് കാഴ്ചയില്ലാത്ത ശ്രീജ പരസഹായം ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ശ്രീജയുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസിലൂടെ അറിഞ്ഞ മമ്മൂട്ടി സഹായവുമായി രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായി. നിലവിൽ പത്തനാപുരം ഗാന്ധിഭവനിൽ കഴിയുന്ന ശ്രീജ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഓരോരുത്തരുടെയും കണ്ണിനെ ഈറനണിയിക്കുകയാണ്.
മരണത്തിന് അടുത്തേക്ക് പോയ തന്റെ ജീവിതത്തെ കൈപിടിച്ച് ഉയർത്തിയത് മമ്മൂട്ടിയാണെന്ന് ശ്രീജ പറയുന്നു. ഈ നിമിഷം ഇവിടെ വീണ് മരിച്ച് കഴിഞ്ഞാല്‍, എന്‍റെ ബാക്കിയുള്ള ആയുസ് മമ്മൂട്ടി സാറിന് വേണ്ടി കൊടുക്കണേന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ശ്രീജ പറയുന്നു. മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞ് കൊണ്ടുള്ള ശ്രീജയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തുണയായി, മമ്മൂട്ടി ഇടപെട്ടു, ദുരിതക്കടലിൽ നിന്നും ശ്രീജക്ക് മോചനം
"മമ്മൂട്ടി സാറിന് വേണ്ടി ഞാൻ ഒരുപാട് പ്രാര്‍ത്ഥിക്കുന്നുണ്ട്. അദ്ദേഹം കാരണമാണ് എനിക്കിവിടെ വരാന്‍ സാധിച്ചത്. സാറ് എനിക്ക് തന്ന ഈ ജീവിതത്തിന് ഒരുപാട് നന്ദിയുണ്ട്. കാരണം മരണത്തിലേക്ക് അടുത്ത് പോയ എന്‍റെ ജീവിതത്തെ കൈ പിടിച്ച് ഉയര്‍ത്തി തന്നത് മമ്മൂട്ടി സാറാണ്. അദ്ദേഹം എന്‍റെ അച്ഛനാണോ സഹോദരനാണോ അതോ ദൈവമാണോ എന്ന് എനിക്ക് അറിയില്ല. അത്രയ്ക്ക് ഒരുപുണ്യമാണ് സാറ് എനിക്ക് വേണ്ടി ചെയ്ത് തന്നത്. രണ്ട് കണ്ണിനും എനിക്ക് കാഴ്ചയില്ല. എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ എനിക്ക് ഇത്രയും വലിയൊരു സഹായം ചെയ്ത് തന്ന എന്‍റെ മമ്മൂട്ടി സാറിനോട് എനിക്ക് ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഈ നിമിഷം തറയിലേക്ക് വീണ് മരിച്ച് കഴിഞ്ഞാല്‍, എന്‍റെ ബാക്കിയുള്ള ആയുസ് എന്‍റെ മമ്മൂട്ടി സാറിന് വേണ്ടി കൊടുക്കണേന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. കാരണം എന്നെപ്പോലുള്ള ഒരുപാട് പാവപ്പെട്ടവര്‍ക്ക് വേണ്ടി സാറ് ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒരുപാട് സഹായങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെന്നും അനുഗ്രഹങ്ങള്‍ ലഭിക്കട്ടേന്നും ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്", എന്നാണ് ശ്രീജ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..