ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സംഘടനാ തലത്തില്‍ പ്രതികരിക്കേണ്ട വിഷയമെന്ന് ബ്ലെസി

By Web Team  |  First Published Aug 20, 2024, 6:59 PM IST

38 വര്‍ഷമായി സിനിമയിലുള്ള താന്‍ അത്തരം അനുഭവങ്ങള്‍ കണ്ടിട്ടില്ലെന്നും ബ്ലെസി


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് താന്‍ പഠിച്ചിട്ടില്ലെന്നും അത് സംഘടനാ തലത്തില്‍ പ്രതികരിക്കേണ്ട വിഷയമാണെന്നും സംവിധായകന്‍ ബ്ലെസി. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സംബന്ധിച്ച് പഠിച്ചിട്ടില്ല. വാർത്തകളുടെ അടിസ്ഥാനത്തിൽ വ്യക്തത ഇല്ലാതെ മറുപടി പറയുന്നില്ല. സംഘടനാ തലത്തിൽ പ്രതികരിക്കേണ്ട വിഷയം ആണ്. 38 വർഷം ആയി ഞാൻ സിനിമയിൽ ഉണ്ട്. ഞാൻ അത്തരം അനുഭവങ്ങൾ കണ്ടിട്ടില്ല. എന്നാൽ റിപ്പോർട്ടിലെ കണ്ടെത്തലുകളെ നിധേഷിക്കുന്നില്ല". കാര്യങ്ങളിൽ നിലവിൽ മാറ്റം വന്നിട്ടുണ്ടെന്നും ബ്ലെസി കൊച്ചിയിൽ പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയിട്ടില്ലെന്നും പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകളുടെ വെളിപ്പെടുത്തൽ അടങ്ങുന്ന അതീവ രഹസ്യാത്മക റിപ്പോർട്ടെന്ന് കത്തിൽ ആവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. "സർക്കാരിന് ഇക്കാര്യത്തിൽ ഒറ്റ നയമാണുള്ളത്. ഒരു തരത്തിലും റിപ്പോർട്ട് പുറത്ത് വരുന്നതിന് സർക്കാർ എതിരല്ല". സാക്ഷികളുടെ വിശ്വാസം പൂർണ്ണമായും സംരക്ഷിക്കണമെന്ന് റിപ്പോർട്ട് എടുത്ത് പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Latest Videos

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് ഇന്നലെ പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്. 

ALSO READ : പത്ര മുതലാളിയായി അജു വർഗീസ്; 'പടക്കുതിര'യുടെ ചിത്രീകരണം തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!