ഓഗസ്റ്റ് 17നാണ് മണിച്ചിത്രത്താഴിന്റെ റി റിലീസ്.
ചില കഥാപാത്രങ്ങൾ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും ഓരോ സിനിമാസ്വാദകന്റെയും മനസിൽ കാലാനുവർത്തിയായി നിലനിൽക്കും. അങ്ങനെയുള്ള നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിലുണ്ട്. അതിലൊരു വേഷമാണ് കാട്ടുപറമ്പൻ. ഫാസിലിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പു അവതരിപ്പിച്ച വേഷമാണിത്.
മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നതിനിടെ കാട്ടുപറമ്പനും ഇപ്പോൾ ശ്രദ്ധനേടുകയാണ്. റി റിലീസുമായി ബന്ധപ്പെട്ടാണ് കുരിരവട്ടം പപ്പുവിന്റെ ക്യാരക്ടർ പോസ്റ്ററ്‍ റിലീസ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റർ പങ്കുവച്ച് അദ്ദേഹത്തിന്റെ മകനും നടനുമായ ബിനു പപ്പു പങ്കുവച്ച ഹൃദ്യമായ കുറിപ്പും അതോടൊപ്പം തന്നെ വൈറൽ ആയിരിക്കുകയാണ്.
"അച്ഛൻ മരിച്ച് 24 വർഷങ്ങൾക്കു ശേഷം അച്ഛൻ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോൾ അതിൻ്റെ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്യാൻ പറ്റുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരുപാട് അഭിമാനവും, സന്തോഷവും നൽകുന്ന കാര്യമാണ്. സിനിമയുടെ സൗന്ദര്യവും ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്, കാലങ്ങൾക്ക് മുന്നേ നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കണ്ണ് നിറയിക്കുകയും ചെയ്ത് മറഞ്ഞു പോയ അച്ഛനേപ്പോലെ തന്നെയുള്ള മറ്റു കലാകാരന്മാർ എല്ലാവരും ഓരോ ദിവസവും നമുക്ക് മുന്നിൽ വന്നു കൊണ്ടേയിരിക്കും. കലാകാരൻമാർക്ക് മരണമില്ല. ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായി, ചിരിപ്പിച്ചും, ചിന്തിപ്പിച്ചും സിനിമ അവരെ ഓർമപ്പെടുത്തി കൊണ്ടേയിരിക്കും"എന്നാണ് ബിനു പപ്പു കുറിച്ചത്.
അതേസമയം, ഓഗസ്റ്റ് 17നാണ് മണിച്ചിത്രത്താഴിന്റെ റി റിലീസ്. മോഹൻലാലും സുരേഷ് ഗോപിയും ശോഭനയും തിലകനുമെല്ലാം ഒന്നിച്ചെത്തിയ ഈ സൂപ്പർ ഹിറ്റ് ചിത്രം പുത്തൻ ദൃശ്യമികവിൽ എങ്ങനെ ആകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് മലയാളികളും. നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. മലയാളത്തിലെ റി റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമ ആയിരുന്നു മണിച്ചിത്രത്താഴ് എന്നാണ് വിലയിരുത്തലുകൾ.
'5 വര്‍ഷമായൊരു കുടുംബം, അത് അവസാനിക്കാന്‍ പോകുന്നു'; സങ്കടത്തോടെ നൂബിൻ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..