ബൈലോ നോക്കിയിട്ട് മാത്രമേ പുതിയ സിനിമാ സംഘടനയില്‍ ചേരൂവെന്ന് വിനയൻ വ്യക്തമാക്കി.
മലയാളത്തില്‍ അടുത്തിടെ പുതിയ ഒരു സിനിമാ സംഘടന പ്രഖ്യാപിച്ചിരുന്നു. സംഘടനയ്‍ക്ക് പേര് പ്രഖ്യാപിച്ചത് പ്രോഗ്രസീവ് ഫിലിം മേക്കേഴ്‍സെന്നാണ്. ആഷിഖ് അബു, അഞ്‍ജലി മേനോൻ, റിമ കല്ലിങ്കര്‍, രാജീവ് രവി, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആ സംഘടനയില്‍ നിലവില്‍ ഭാഗം അല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയും ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയിരിക്കുകയാണ്.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന പുതിയ മലയാള ചലച്ചിത്ര കൂട്ടായ്‍മയിൽ ഞാൻ നിലവിൽ ഇല്ലെന്നായിരുന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്‍ബുക്കില്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കിയത്. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്‍മ എന്ന ആശയത്തോട് യോജിക്കുന്നു. അത്തരത്തിലൊന്നിനെ ഞാൻ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്‍മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല എന്നായിരുന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍.
പിന്നാലെ മഞ്‍ജു വാര്യരുടെ മാനേജരും സിനിമാ നിര്‍മാതാവുമായ ബിനീഷ് ചന്ദ്രയും വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി. ആശയം നല്ലതാണ് എന്നും പുതിയ സംഘടയില്‍ ചേരാൻ തീരുമാനമെടുത്തിട്ടില്ലെന്നും പ്രചരിക്കുന്ന കത്തില്‍ പേര് വെച്ചത് അറിവോടെ അല്ല എന്നും ബിനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. സംവിധായകൻ വിനയനും പുതിയതായി പ്രഖ്യാപിച്ച സിനിമ സംഘടനയില്‍ നിലപാട് വ്യക്തമാക്കി എത്തിയിരുന്നു. ബൈലോ നോക്കി മാത്രമേ പുതിയ സിനിമാ സംഘടയില്‍ ചേരൂവെന്നാണ് വിനയൻ വ്യക്തമാക്കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് സിനിമയില്‍ പുതിയ സംഘടന സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു. മലയാളത്തില്‍ ഒരു പുത്തൻ പുരോഗമന സിനിമ സംസ്‍കാരം രൂപീകരിക്കുമെന്നും പ്രസ്‍തവാനയില്‍ വ്യക്തമാക്കിയരുന്നു. പിന്നാലെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വിനയനെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക