നവംബർ 1ന് ആണ് ഭൂൽ ഭൂലയ്യ 3 റിലീസ് ചെയ്യുന്നത്.
കൊവിഡിനിടെ എല്ലാ മേഖലയെയും പോലെ തന്നെ വലിയ തിരിച്ചടി നേരിട്ടിരുന്നു സിനിമാ ലോകവും. പാൻഡമിക്കിന് ശേഷം മലയാളം അടക്കമുള്ള പല ഇന്റസ്ട്രികളും തിരിച്ചെത്തിയെങ്കിലും അതിൽ നിന്നും കരകയറാനാകാത്തത് ബോളിവുഡ് സിനിമകൾക്ക് മാത്രമാണ്. സമീപകാലത്ത് ഇറങ്ങിയ ഷാരൂഖ് ചിത്രങ്ങൾ, സ്ത്രീ 2 പോലുള്ള ഏതാനും ചില സിനിമകൾ ഒഴിച്ചാൽ ബാക്കിയുള്ളവയെല്ലാം ദയനീയ പരാജയം ആയിരുന്നു. പല സിനിമകൾക്കും മുടക്കു മുതൽ പോലും തിരിച്ച് ലഭിച്ചിരുന്നില്ല.
ദീപാവലിയോട് അനുബന്ധിച്ച് ഒരുപിടി സിനിമകൾ ബോളിവുഡിൽ നിന്നും റലീസ് ചെയ്യുന്നുണ്ട്. ഇതിൽ ശ്രദ്ധേയമായ സിനിമകളിൽ ഒന്നാണ് ഭൂൽ ഭൂലയ്യ 3. കാർത്തിക് ആര്യൻ നായകനായി എത്തുന്ന ചിത്രത്തിന് പ്രതീക്ഷ വാനോളം ആണ്. അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭൂലയ്യയുടെ മൂന്നാം ഭാഗം കൂടിയാണിത്. ഫെസ്റ്റിവൽ സീസണുകൾ അയതുകൊണ്ട് തന്നെ മികച്ച വിജയം ചിത്രത്തിന് നേടാനാകും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. 150 കോടിയാണ് ഭൂൽ ഭൂലയ്യ 3യുടെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ.
നവംബർ 1ന് ആണ് ഭൂൽ ഭൂലയ്യ 3 റിലീസ് ചെയ്യുന്നത്. ഇതിനോട് അനുബന്ധിച്ച് പുതിയ വീഡിയോ ഗാനം അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. ഹുക്കുഷ് ഫുക്കുഷ് എന്ന ഗാനം ഫെസ്റ്റിവൽ മോഡിലാണ് ഒരുക്കിയിരിക്കുന്നത്. സോനു നിഗം ആലപിച്ച ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു.
കാർത്തിക് ആര്യന് ഒപ്പം വിദ്യാ ബാലൻ, തൃപ്തി ദിമ്രി എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനീസ് ബസ്മിയാണ്. 2022ലായിരുന്നു ഭൂൽ ഭൂലയ്യയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്. കാര്‍ത്തിക് ആര്യനും കെയ്റ അദ്വാനിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം