ഫഹദ് ടൈറ്റില്‍ കഥാപാത്രം
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് പ്രേമലു. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ സംവിധാനം ഗിരീഷ് എ ഡിയും നിര്‍മ്മാണം ഭാവന സ്റ്റുഡിയോസും ആയിരുന്നു. പ്രേമലു തിയറ്ററുകളില്‍ മികച്ച വിജയം നേടുമ്പോള്‍ ഇപ്പോഴിതാ തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്.
കരാട്ടെ ചന്ദ്രന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസില്‍ ആണ്. നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എസ് ഹരീഷും വിനോയ് തോമസും ചേര്‍ന്നാണ്. മഹേഷിന്‍റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്‍റെ കോ-ഡയറക്ടർ ആയിരുന്ന ആളാണ് റോയ്. ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ നിര്‍മ്മാണ സംരംഭമാണ് ഇത്. കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. പിന്നീട് ജോജി, പാല്‍തു ജാന്‍വര്‍, തങ്കം, പ്രേമലു എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു. പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനത്തിനൊപ്പം കോസ്റ്റ്യൂം ട്രയല്‍ ചിത്രങ്ങളും ഫഹദ് പങ്കുവച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും ഭാവന സ്റ്റുഡിയോസ്.
അതേസമയം ഭാവന സ്റ്റുഡിയോസിന്‍റെ തിയറ്ററുകളിലുള്ള ചിത്രം പ്രേമലുവില്‍ നസ്‍ലെനും മമിതയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് എ ഡി എന്ന സംവിധായകനെ സംബന്ധിച്ച് ഹാട്രിക് വിജയം കൂടിയാണ് ഇത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഗിരീഷ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. യുവാക്കള്‍ ടാര്‍ഗറ്റ് ഓഡിയന്‍സ് ആയുള്ള ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരുടെയും പ്രിയചിത്രം ആയിട്ടുണ്ട്. ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷനുമാണ് ചിത്രം നേടിയിട്ടുള്ളത്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്. പിആര്‍ഒ ആതിര ദില്‍ജിത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം