2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മീനയുടെ ഭർത്താവിന്റെ(Meena's Husband) അപ്രീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. കഴിഞ്ഞ ദിവസമായിരുന്നു കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ വിയോഗം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.
2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. അടുത്തമാസം 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാഗർ യാത്ര പറഞ്ഞത്. '12 വർഷത്തെ കൂട്ടുകെട്ട്', എന്നായിരുന്നു കഴിഞ്ഞ വിവാഹ വാർഷികത്തിൽ മീന സോഷ്യൽമീഡിയയിൽ കുറിച്ചത്. വിദ്യാസാഗറിനും മകൾക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിരുന്നു.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം. ബംഗളൂരുവിൽ വ്യവസായിയാണ് വിദ്യാസാഗർ. അധികം ആരേയും ക്ഷണിക്കാതെ ആയിരുന്നു വിവാഹം. ചടങ്ങിന് സാക്ഷികളായി ഏതാനും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ബാംഗളൂരും ചെന്നൈയിലും പ്രത്യേകം സ്വീകരണ ചടങ്ങുകള്‍ ഒരുക്കിയിരുന്നു. വിജയ് ചിത്രം തെറിയിലൂടെ ദമ്പതികളുടെ മകൾ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.
1982ല്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചങ്കള്‍’ ആണ് മീനയുടെ ആദ്യ സിനിമ. ബാല താരമായിട്ടായിരുന്നു ഈ സിനിമയില്‍ മീന. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായികയായത്. സാന്ത്വനം എന്ന സിനിമയായിരുന്നു മലയാളത്തിൽ മീനയുടെ ആദ്യ ചിത്രം. ശേഷം മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങി മലയാളത്തിലെ മുൻനിര നായകൻമാരുടെയൊക്കെ കൂടെ മീന അഭിനയിച്ചിട്ടുണ്ട്.
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു