ചിത്രം ക്രിസ്‍മസ് റിലീസ് ആയി തിയറ്ററുകളില്‍
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ബറോസ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി ഒരു ആര്‍ട്ട് കോണ്ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍.
ബറോസ് എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്ന ഭാവനാലോകത്തിന്‍റെ കലാവിഷ്കാരങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. ഇത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് എന്നിവയില്‍ ഏതിലെങ്കിലും അപ്‍ലോഡ് ചെയ്യുക. #BarrozArtContest എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം ചേര്‍ക്കണം. മത്സരം ഇന്ന് ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെയാണ് പങ്കെടുക്കാന്‍ അവസരം. വിജയിയെ 2025 ജനുവരി 10 ന് പ്രഖ്യാപിക്കും. വിജയിക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. മോഹന്‍ലാലിന് നേരിട്ട് തങ്ങളുടെ കലാസൃഷ്ടി സമ്മാനിക്കുകയും ചെയ്യാം.
50,000 രൂപയാണ് രണ്ടാം സമ്മാനം. രണ്ടാം സമ്മാനം നേടുന്നയാളുടെ കലാസൃഷ്ടിയില്‍ മോഹന്‍ലാല്‍ ഒപ്പ് വെക്കും. 25,000 രൂപയാണ് മൂന്നാം സമ്മാനം. ചിത്രത്തിന്‍റെ സംവിധാനത്തിന് പുറമെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്. അതേസമയം റിലീസിന് മുന്നോടിയായി ദുബൈയില്‍ ഒരു സ്പെഷല്‍ ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും മോഹന്‍ലാല്‍ സംഘടിപ്പിച്ചിരുന്നു.
ALSO READ : 'രുധിരം' കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി ഹൊംബാലെ ഫിലിംസ്