ലൈംഗികാതിക്രമ കേസ്: ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം; പുരുഷന്മാർക്കും അന്തസ്സുണ്ടെന്ന് ഹൈക്കോടതി

By Web Team  |  First Published Dec 11, 2024, 1:14 PM IST

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു


കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നവംബർ 21 വരെയാണ് ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹ‍ർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യം. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ വാദിച്ചത്.

സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസ്സുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Latest Videos

തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. 2007ൽ പുറത്തിറങ്ങിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ബാലചന്ദ്ര മേനോൻ ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി. ഈ കേസ് പിന്നീട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി. ഇതിലാണ് മുൻകൂർ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഹൈക്കോടതിയെ സമീപിച്ചത്. 2007ൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ 17 വർഷത്തിനുശേഷം പരാതി നൽകിയതിന്‍റെ  യുക്തിയാണ് ബാലചന്ദ്രമേനോൻ പ്രധാനമായും കോടതിയിൽ ഉന്നയിച്ചത്.

ജാമ്യം നൽകാൻ പ്രധാന കാരണമായി കോടതി പരിഗണിച്ചതും ഇതേ വാദം തന്നെയാണ്. പരാതി നൽകാൻ ഉണ്ടായ കാലതാമസം തന്നെ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദം ബലപ്പെടുത്തുന്നുവെന്ന് ഹർജിക്കാരൻ നിലപാടെടുത്തു. പരാതിക്കാരിയായ നടി തന്നെ തന്നെ ഭീഷണിപ്പെടുത്തിയെന്നും ബാലചന്ദ്രമേനോൻ അറിയിച്ചിരുന്നു. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. സ്ത്രീകൾക്ക് എന്നതു പോലെതന്നെ പുരുഷന്മാർക്കും അന്തസ്സും അഭിമാനവും ഉണ്ടെന്ന് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണൻ നിരീക്ഷിച്ചതും ഉത്തരവിന്റെ ഭാഗമാണ്. കേസിൽ ബാലചന്ദ്രമേനോന് ഹൈക്കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ബാലചന്ദ്രമേനോൻ എതിരെ രംഗത്തെത്തിയ നടിയുടെ പരാതിയിൽ മാത്രം 10 കേസുകൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

click me!