ഉത്തരേന്ത്യന്‍ തിയറ്ററുകളില്‍ ക്രിസ്‍മസ് പ്രതിസന്ധി; 'ബേബി ജോണി'നുവേണ്ടി 'പുഷ്‍പ 2' ഒഴിവാക്കാന്‍ വിതരണക്കാര്‍

By Web Team  |  First Published Dec 23, 2024, 11:19 AM IST

പുഷ്‍പ 2 ന് ഉത്തരേന്ത്യയില്‍ ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്


ഉത്തരേന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് സമീപകാലത്ത് വലിയ കുതിപ്പ് പകര്‍ന്ന ചിത്രമായിരുന്നു പുഷ്പ 2. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 645 കോടിയാണ് നേടിയത്. വെറും 16 ദിവസം കൊണ്ടാണ് അത്. ഡിസംബര്‍ 5 ന് തിയറ്ററുകളിലെത്തിയ ചിത്രം ക്രിസ്മസ്- ന്യൂഇയര്‍ സീസണിലും മികച്ച കളക്ഷന്‍ നേടുമെന്നാണ് കരുതപ്പെട്ടിരുന്നു. എന്നാല്‍ ഹിന്ദി ബെല്‍റ്റില്‍ ആ പ്രതീക്ഷകള്‍ക്ക് നിലവില്‍ മങ്ങലേറ്റിരിക്കുകയാണ്.

ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ഒരു ഹിന്ദി ചിത്രമാണ് അതിന് കാരണം. വരുണ്‍ ധവാനെ നായകനാക്കി കലീസ് സംവിധാനം ചെയ്ത ബേബി ജോണ്‍ എന്ന ചിത്രമാണ് അത്. ആറ്റ്ലിയുടെ സംവിധാനത്തില്‍ 2016 ല്‍ പുറത്തെത്തിയ തമിഴ് ചിത്രം തെരിയുടെ റീമേക്ക് ആണ് ഇത്. പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ ഐനോക്സിന്‍റെ വിതരണ കമ്പനിയായ പിവിആര്‍ ഐനോക്സ് പിക്ചേഴ്സ് ആണ് ബേബി ജോണിന്‍റെ വിതരണം. തങ്ങളുടെ മള്‍ട്ടിപ്ലെക്സ് ശൃംഖലയില്‍ 60:40 അനുപാതത്തിലാണ് യഥാക്രമം ബേബി ജോണും പുഷ്പ രണ്ടും പിവിആര്‍ ഐനോക്സ് ഡിസംബര്‍ 25 മുതല്‍ പ്രദര്‍ശിപ്പിക്കുക. ഒപ്പം ഉത്തരേന്ത്യയിലെ സിംഗിള്‍ സ്ക്രീനുകള്‍ അടക്കമുള്ള മറ്റ് തിയറ്റര്‍ ഉടമകളോടും അവര്‍ സമാന ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്.

Latest Videos

undefined

എന്നാല്‍ ഇതര തിയറ്ററുകളില്‍ വലിയൊരു ശതമാനത്തിനും ഈ അനുപാതത്തോട് താല്‍പര്യമില്ല. പുഷ്പ 2 ഇപ്പോഴും മികച്ച കളക്ഷന്‍ നേടുന്നുണ്ടെന്നും ക്രിസ്മസ്- ന്യൂഇയര്‍ സീസണില്‍ ചിത്രം കാണാന്‍ കാണികള്‍ കാര്യമായി എത്തുമെന്നുമാണ് തിയറ്റര്‍ ഉടമകള്‍ കരുതുന്നത്. 60:40 അനുപാതം എല്ലായിടത്തും ഒരേപോലെ നടപ്പാക്കരുതെന്നാണ് മറ്റൊരു വിഭാഗം തിയറ്റര്‍ ഉടമകളുടെ അഭിപ്രായം. ചിലയിടങ്ങളില്‍ പുഷ്പ 2 ന്‍റെ ഓട്ടം ഏകദേശം അവസാനിച്ചിട്ടുണ്ടെന്നും അവിടെ ഇതേ അനുപാതം നടപ്പാക്കുന്നതില്‍ പ്രശ്നമില്ലെന്നും എന്നാല്‍ പല സിംഗിള്‍ സ്ക്രീനുകളിലും ചിത്രം ഇപ്പോഴും നല്ല രീതിയില്‍ പോകുന്നുണ്ടെന്നുമാണ് അവര്‍ പറയുന്നത്. ഈ വിഷയത്തില്‍ അന്തിന തീരുമാനം ചൊവ്വാഴ്ചയ്ക്കുള്ളില്‍ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

ALSO READ : 'ഇനി ഇവിടെ ഞാന്‍ മതി'; ആക്ഷന്‍ ടീസറുമായി 'മാര്‍ക്കോ' ടീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!