കളക്ഷന്‍ 12,000 കോടി! അവതാര്‍ 3, 4, 5 ഭാഗങ്ങളില്‍ ഉറപ്പ് നല്‍കി ജെയിംസ് കാമറൂണ്‍

By Web Team  |  First Published Jan 7, 2023, 1:05 PM IST

രണ്ടാം ഭാഗം ലാഭകരമാവാതെ തുടര്‍ ഭാഗങ്ങളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു


ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവതാറിന്‍റെ സീക്വല്‍ ആയി നാല് ഭാഗങ്ങള്‍ ഒരുമിച്ചാണ് പ്രഖ്യാപിക്കപ്പെട്ടത്. അവയുടെ റിലീസ് തീയതികള്‍ ഉള്‍പ്പെടെ. എന്നാല്‍ ഇപ്പോള്‍ തിയറ്ററുകളിലുള്ള രണ്ടാം ഭാഗം അവതാര്‍: ദ് വേ ഓഫ് വാട്ടര്‍ എട്ട് തവണ മാറ്റിവെക്കപ്പെട്ടതിനു ശേഷമാണ് തിയറ്ററുകളില്‍ എത്തിയത്. 2014 ഡിസംബറില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രം അവസാനം റിലീസ് ചെയ്യപ്പെട്ടത് 2022 ഡിസംബറില്‍. മറ്റ് മൂന്ന് ഭാഗങ്ങളുടെയും റിലീസ് തീയതി നേരത്തെ പുറത്തുവിട്ടിരുന്നുവെങ്കിലും രണ്ടാം ഭാഗത്തിന്‍റെ റിലീസിനോടനുബന്ധിച്ച് ജെയിംസ് കാമറൂണ്‍ സീക്വലുകളെക്കുറിച്ച് ഒരു സംശയം പ്രകടിപ്പിച്ചിരുന്നു.

അവതാര്‍ 2 ന് അതിന്‍റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കണമെങ്കില്‍ 2 ബില്യണ്‍ ഡോളര്‍ എങ്കിലും നേടണമെന്നും എന്നാല്‍ മാത്രമേ തുടര്‍ ഭാഗങ്ങളുടെ നിര്‍മ്മാണം നീതാകരിക്കാനാവൂ എന്നുമായിരുന്നു അത്. എന്നാല്‍ ചിത്രം കളക്ഷനില്‍ ലോക റെക്കോര്‍ഡ് ഇടണമെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും ഒരു സംഖ്യ പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. എച്ച്ബിഒ മാക്സിന്‍റെ ങു ഈസ് ടോക്കിംഗ് റ്റു ക്രിസ് വാലസ് എന്ന പരിപാടിയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതേ പരിപാടിയില്‍ മറ്റൊരു ഉറപ്പും കൂടി കാമറൂണ്‍ നല്‍കിയിട്ടുണ്ട്. അവതാറിന്‍റെ തുടര്‍ഭാഗങ്ങള്‍ എന്തായാലും സംഭവിക്കും എന്നതാണ് അത്.

Latest Videos

ALSO READ : രണ്ടാം വാരത്തില്‍ സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ച് 'മാളികപ്പുറം'; 30 തിയറ്ററുകളിലേക്കുകൂടി

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ അവതാര്‍ 2. ടോപ്പ് ഗണ്‍: മാവറിക്കിനെ പിന്തള്ളിയാണ് പട്ടികയില്‍ ദ് വേ ഓഫ് വാട്ടര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 1.5 ബില്യണ്‍ ഡോളര്‍ (12,341 കോടി രൂപ) ആണ് അവതാര്‍ 2 ന്‍റെ ഇതുവരെയുള്ള കളക്ഷന്‍. അതേസമയം അവതാര്‍ 3 ന്‍റെ ചിത്രീകരണം കാമറൂണും സംഘവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. വിഷ്വല്‍ എഫക്റ്റ്സ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷനാണ് അവശേഷിക്കുന്നത്. നാല്, അഞ്ച് ഭാഗങ്ങളുടെ രചന പൂര്‍ത്തീകരിച്ചു. ഒപ്പം നാലാം ഭാഗത്തിന്റെ ചില ഭാഗങ്ങളുടെ ചിത്രീകരണവും മുഴുമിപ്പിച്ചിട്ടുണ്ട്.

tags
click me!