ഇന്ത്യയിലും 'അവതാര്‍ 2' ന് വന്‍ പ്രീ-ബുക്കിംഗ്; ആദ്യ മൂന്ന് ദിവസത്തെ കണക്കുകള്‍

By Web Team  |  First Published Dec 14, 2022, 3:49 PM IST

രാജ്യത്തെ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രം രേഖപ്പെടുത്തുന്നത്. 


കൊവിഡ് കാലത്ത് മറ്റു മേഖലകളെപ്പോലെ ചലച്ചിത്ര വ്യവസായവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. ലോക്ക്ഡൌണും സാമൂഹിക അകലവുമൊക്കെ കാരണം മാസങ്ങള്‍ പൂട്ടിക്കിടന്ന തിയറ്ററുകള്‍ ലോകമാകെയുള്ള സിനിമാ വ്യവസായത്തിന് ആശങ്കയുടെ നാളുകളാണ് സമ്മാനിച്ചത്. കൊവിഡ് ആശങ്ക മാറിയെങ്കിലും അതിന് മുന്‍പുണ്ടായിരുന്ന വലിയ വിജയങ്ങളിലേക്ക് പല ചലച്ചിത്ര വ്യവസായങ്ങളും ഇനിയും എത്തിയിട്ടില്ല. ഏത് ഭാഷകളിലാണെങ്കിലും അത് തന്നെ സ്ഥിതി. ഹോളിവുഡിന് ഏറ്റവും പ്രതീക്ഷയുള്ള ഒരു ചിത്രം ഈ വാരം തിയറ്ററുകളില്‍ എത്തുകയാണ്. മറ്റേതുമല്ല, ജെയിംസ് കാമറൂണിന്‍റെ അവതാര്‍ 2 ആണ് അത്. ഡിസംബര്‍ 16 ന് ലോകമെങ്ങും തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന് ഇന്ത്യയിലും മികച്ച പ്രീ റിലീസ് ബുക്കിംഗ് ആണ് ലഭിക്കുന്നത്.

രാജ്യത്തെ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രം രേഖപ്പെടുത്തുന്നത്. പിവിആര്‍, ഐനോക്സ്, സിനിപൊളിസ് തുടങ്ങിയ ചെയിനുകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു. റിലീസ് ദിനമായ വെള്ളിയാഴ്ചയിലേക്ക് 1.84 ലക്ഷം ടിക്കറ്റുകളാണ് ഈ ചെയിനുകളിലായി വിറ്റുപോയത്. ശനിയാഴ്ചയിലേക്ക് 1.38 ലക്ഷവും ഞായറാഴ്ചയിലേക്ക് 1.19 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. ആദ്യ മൂന്ന് ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗ് മാത്രം 4.41 ലക്ഷം ടിക്കറ്റുകള്‍.

Latest Videos

ALSO READ : നാലാം വാരത്തിലും ബോക്സ് ഓഫീസ് കുതിപ്പ്; ഹിന്ദി 'ദൃശ്യം 2' ഇതുവരെ നേടിയത്

*advance booking* status at *national chains* [, , ]… Till Wednesday, 11 am…
⭐️ F: 1,84,096
⭐️ S: 1,38,577
⭐️ S: 1,19,287
⭐️ Total tickets sold: 4,41,960 pic.twitter.com/7WKIIyAamM

— taran adarsh (@taran_adarsh)

ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് നിലവില്‍ അവതാര്‍. 2009 ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 2019ല്‍ അവഞ്ചേഴ്സ് എന്‍ഡ് ഗെയിം എത്തിയതോടെ രണ്ടാം സ്ഥാനത്തേക്ക് മാറിയിരുന്നു. എന്നാല്‍ അവതാര്‍ 2 റിലീസിന് മുന്നോടിയായി ലോകമെമ്പാടും അവതാര്‍ റീ റിലീസ് ചെയ്യപ്പെട്ടു. 2021 മാര്‍ച്ചില്‍ ആയിരുന്നു ചൈനയിലെ റീ റിലീസ്. മികച്ച കളക്ഷനാണ് ചൈനീസ് റിലീസ് ചിത്രത്തിന് നേടിക്കൊടുത്തത്. ഇതേത്തുടര്‍ന്ന് എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയില്‍ അവതാര്‍ വീണ്ടും ഒന്നാമതായി.

click me!