പുഷ്പ 2 വിജയാഘോഷത്തിനിടെ പ്രിവ്യൂ ഷോയിൽ ഒരു സ്ത്രീയുടെ മരണത്തിൽ അല്ലു അർജുൻ ദുഃഖം പ്രകടിപ്പിച്ചു.
ഹൈദരാബാദ്: ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 500 കോടിയിലെത്തിയ ഇന്ത്യൻ ചിത്രമായി പുഷ്പ 2: ദി റൂൾ മാറി. ഇതിന്‍റെ ഭാഗമായി ശനിയാഴ്ച ഹൈദരാബാദില്‍ ചിത്രത്തിന്‍റെ വിജയാഘോഷം നടന്നിരുന്നു. റിലീസായ ആദ്യ രണ്ട് ദിവസങ്ങളിൽ പുഷ്പ 2 ലോകമെമ്പാടും 449 കോടി നേടിയിരുന്നു. നടൻ അല്ലു അർജുൻ, സംവിധായകൻ സുകുമാർ, സിനിമയുടെ നിർമ്മാതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ നായിക രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവര്‍ പങ്കെടുത്തില്ല.
ചടങ്ങിനിടെ നിർമ്മാതാക്കൾ ആരാധകർക്ക് നന്ദി പറഞ്ഞു. ഇതിനൊപ്പം തന്നെ പുഷ്പ 2വിന്‍റെ പ്രിവ്യൂ ഷോയിൽ ഒരു സ്ത്രീയുടെ ദാരുണമായ മരണത്തെക്കുറിച്ച് അല്ലു അർജുനും പ്രതികരിച്ചു. വിജയാഘോഷത്തിലെ പ്രസംഗത്തിൽ, സിനിമയുമായി ബന്ധപ്പെട്ട നിരവധി ആളുകൾക്ക്, സാങ്കേതിക വിദഗ്ധർ മുതൽ സഹപ്രവർത്തകർ വരെ, മാധ്യമങ്ങൾക്കും താരം നന്ദി പറഞ്ഞു.
സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ സുകുമാറിന് താരം ഒരു പ്രത്യേകം നന്ദി പറഞ്ഞു. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാന്‍ അനുവാദം നല്‍കിയ തെലങ്കാന സർക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. ചിത്രത്തിന്‍റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടെ ദിവസങ്ങൾക്ക് മുമ്പ് സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുൻ തന്‍റെ ദുഃഖം പ്രകടിപ്പിച്ചു.
സംഭവത്തെക്കുറിച്ച് സംസാരിക്കവെ താരം പറഞ്ഞത് ഇതാണ് “സന്ധ്യ തീയറ്ററില്‍ വളരെ ദൗർഭാഗ്യകരമായ ഒരു സംഭവമാണ് നടന്നത്. അതിൽ ഞങ്ങൾ അങ്ങേയറ്റം ഖേദിക്കുന്നു. പിറ്റേന്ന് രാവിലെ വരെ എനിക്ക് അതേക്കുറിച്ച് അറിയില്ലായിരുന്നു. ഡിസംബർ 5 ന് രാവിലെ അത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇത് പ്രോസസ്സ് ചെയ്യാനും സംഭവത്തോട് പ്രതികരിക്കാനും എനിക്ക് മണിക്കൂറുകളെടുത്തു. എനിക്ക് അത് മാനസികമായി ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. അത് ശരിയാകാന്‍ ഏകദേശം 10 മണിക്കൂർ എടുത്തു. വാർത്ത കേട്ടപ്പോൾ ഞങ്ങളെല്ലാവരും പകച്ചുപോയി. സുകുമാർ അങ്ങേയറ്റം ദുഃഖത്തിലായിരുന്നു".
ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പുഷ്പ 2 പ്രീമിയര്‍ ഷോ കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയാണ് തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ മരിച്ചത്. അതേ സമയം കഴിഞ്ഞ ദിവസം അല്ലു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രേവതിയുടെ കുടുംബത്തിന് 25 ലക്ഷം പിന്നിട്ടിരുന്നു.