ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതികരണങ്ങൾ നിരാശപ്പെടുത്തുന്നതാണെന്ന് നടി പദ്മപ്രിയ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന മോഹൻലാലിന്റെയും, മമ്മൂട്ടിയുടേയും പ്രതികരണങ്ങൾ നിരാശപ്പെടുത്തുന്നതാണെന്ന് നടി പത്മപ്രിയ. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ താരങ്ങളിൽ നിന്നുണ്ടായതെന്ന് പത്മപ്രിയ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.
മമ്മൂട്ടിക്കും മോഹന്‍ലാലിന്‍റെയും ശ്രദ്ധയില്‍ ഇത്തരം കാര്യങ്ങള്‍ ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പറയുമ്പോള്‍ അവര്‍ ഇനിയെങ്കിലും ഇതെല്ലാം ശ്രദ്ധിക്കണം എന്നെ പറയാന്‍ പറ്റുകയുള്ളൂ. അവരുടെ പ്രതികരണത്തില്‍ നിരാശയുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടില്ലെങ്കില്‍ ഇവയൊക്കെ ശ്രദ്ധിക്കാന്‍ അവര്‍ കുറച്ചുകൂടി ശ്രമം നടത്തണം എന്നാണ് പറയാനുള്ളത്.
കാരണം അവര്‍ക്ക് സാമൂഹ്യപരമായും കലപാരമായും, സാംസ്കാരികമായും അത്രയും വലിയ സ്ഥാനമാണ് കേരളത്തിലെ സമൂഹം അവര്‍ക്ക് നല്‍കിയിരിക്കുന്നത്. അവര്‍ക്ക് ഇതുവരെ കാര്യങ്ങള്‍ മനസിലായില്ലെങ്കില്‍ മനസിലാക്കുവാന്‍ ഇനിയെങ്കിലും ഒരു ശ്രമം നടത്തട്ടെ എന്നെ പറായാനുള്ളുവെന്ന് പത്മപ്രിയ പറഞ്ഞു.
അമ്മയുടെ എക്സിക്യൂട്ടിവ് ഒന്നാകെ രാജിവച്ചത് ശരിക്കും എന്നെ ഞെട്ടിച്ചു. അവരുടെ എക്സിക്യൂട്ടീവ് അംഗങ്ങളില്‍ ഒരാളോട് യോഗത്തിന് ഒരു ദിവസം മുന്‍പ് ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ ഇപ്പോള്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് രാജിവച്ചുവെന്നാണ് പറയുന്നത്. പക്ഷ എന്ത് ധാര്‍മ്മികതയാണ് ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് മനസിലാകുന്നില്ല.
ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്ന നിലയ്ക്ക് അവരെ ഞങ്ങള്‍ കേള്‍ക്കും എന്ന ഒരു നിലപാടിന് പുറത്ത് രാജിവച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഒരു ഉത്തരവാദിത്വം ഉണ്ടെന്ന് പറയാം. ഇത് തീര്‍ത്തും നിരുത്തരവാദിത്വത്തോടെ നല്‍കിയ രാജിയാണ്. എല്ലാ എക്സിക്യൂട്ടീവും രാജിവച്ചു എന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ഇവര്‍ രാജി നല്‍കിയത് എന്നത് രസകരമായ ചോദ്യമാണ്. അമ്മ ശരിക്കും നട്ടെല്ലും, തലയും ഇല്ലാത്ത ഒരു സംഘടനയായി മാറിയിരിക്കുകയാണ്.
എന്നാല്‍ ഞാനിപ്പോഴും അമ്മയില്‍ അംഗമാണ്. അതിനാല്‍ തന്നെ ആ സംഘടന നിലനില്‍ക്കണം. അതിന് അകത്ത് നിന്ന് തന്നെ മാറ്റം വരണമെന്നും ആഗ്രഹിക്കുന്നുണ്ടെന്ന് പത്മപ്രിയ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല, കൂട്ടരാജി നിരുത്തരവാദപരമായ നടപടി': തുറന്നടിച്ച് പത്മപ്രിയ