രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊത്ത്. കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയില്‍ ആസിഫ് അലിയും റോഷന്‍ മാത്യുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ സിബി മലയില്‍ എന്ന, തനിക്ക് ഗുരുതുല്യനായ സംവിധായകനെക്കുറിച്ച് പറയുകയാണ് ആസിഫ് അലി. സിബിയുടെ സംവിധാനത്തില്‍ ആസിഫ് അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് കൊത്ത്.
ആസിഫ് അലിയുടെ കുറിപ്പ്
നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അദ്ധ്യാപകരുണ്ട്. ഒരു സർവ്വകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ അവർ നമുക്ക് പറഞ്ഞുതരും. സിലബസിന് പുറത്തുള്ളതിനെക്കുറിച്ച് കൂടെ സംസാരിച്ച് നമ്മെ അത്ഭുതപ്പെടുത്തും. അങ്ങനെ ഒരു അദ്ധ്യാപകനാണ് എനിക്ക് സിബി സാർ. സാറിനോടൊപ്പം ഞാൻ വർക്ക് ചെയ്യുന്ന നാലാമത്തെ സിനിമയാണ് കൊത്ത്. സിനിമാ ആസ്വാദകർ, രാഷ്ട്രീയ നിരീക്ഷകർ, കുടുംബ പ്രേക്ഷകർ, യുവാക്കൾ അങ്ങനെ ഏവരും ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന റിവ്യൂകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.
കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങൾ പ്രേക്ഷകരിലേക്ക് ഏറ്റവും മനോഹരമായി കൺവിൻസിംഗ് ആയി അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണെന്ന് എത്രയോ എത്രയോ നല്ല ചിത്രങ്ങളിലൂടെ സിബി സാർ തെളിയിച്ചിട്ടുള്ളതാണ്. നന്ദി സർ, ഇനിയും ഒട്ടനവധി നല്ല ചിത്രങ്ങൾ ഒരുക്കാൻ സാറിനു സാധിക്കട്ടെ. നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ എനിക്കും ഭാഗ്യമുണ്ടാവട്ടെ. അതെന്റെ ഗുരുത്വമായി.. നിറഞ്ഞ പുണ്യമായി ഞാൻ കാണും..
നിഖില വിമല്‍ ആണ് നായിക. ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്. അയ്യപ്പനും കോശിയും, നായാട്ട് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റിംഗ് റതിന്‍ രാധാകൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍, സംഗീതം കൈലാഷ് മേനോന്‍, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍.